മന്ത്രി രാധാകൃഷ്ണന്‍റെ 'അയിത്തം' വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; 'നടപടി ഉണ്ടാകും'

By Web Team  |  First Published Sep 19, 2023, 7:46 PM IST

സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ മന്ത്രി രാധാകൃഷ്ണനുമായി നേരിട്ട് സംസാരിക്കാനായിട്ടില്ല. അദ്ദേഹവുമായി സംസാരിച്ച ശേഷമാകും നടപടി


തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍റെ അയിത്തം വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി. സംഭവം ഞെട്ടിപ്പിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ യുക്തമായ നടപടിയുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ മന്ത്രി രാധാകൃഷ്ണനുമായി നേരിട്ട് സംസാരിക്കാനായിട്ടില്ല. അദ്ദേഹവുമായി സംസാരിച്ച ശേഷം അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായം അറിഞ്ഞശേഷം യുക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നമ്മുടെ സമൂഹത്തിൽ നമ്മളാരും  പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സിഎജിക്ക് ഈ ബുദ്ധി ഉപദേശിച്ച് കൊടുത്തത് സതീശനായിരുന്നല്ലേ, അത് കടുത്ത കൈ ആയിപ്പോയി'; 7 ചോദ്യങ്ങളുമായി ഐസക്ക്

Latest Videos

മുഖ്യമന്ത്രി പറഞ്ഞത്

നമ്മുടെ സംസ്ഥാനം ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്ഥമായ സമീപനം സ്വീകരിച്ചിട്ടുള്ള സംസ്ഥാനമാണല്ലോ. പക്ഷേ സഖാവ് രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തൽ വല്ലാതെ ഞെട്ടിപ്പിക്കുന്നതാണ്. കാരണം അദ്ദേഹം ഒരു മന്ത്രിയാണ്. ആ മന്ത്രി ദേവസ്വത്തിന്‍റെ ചുമതലയുള്ള മന്ത്രിയാണ്. അദ്ദേഹം ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയി. അവിടെ ഒരു പ്രധാന പൂജാരിയും ഒരു അസിസ്റ്റന്‍റ് പൂജാരിയും വിളക്ക് കൊളുത്തുന്നു. അതിന്‍റെ ഭാഗമായി നേരിടേണ്ടി വന്ന അയിത്ത വെളിപ്പെടുത്തലാണ് രാധാകൃഷ്ണൻ നടത്തിയത്. എനിക്ക് മന്ത്രിയുമായി സംസാരിക്കാനായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്ക് കൃത്യമായി മനസിലാക്കാനായിട്ടില്ല. പക്ഷേ അദ്ദേഹം പറഞ്ഞതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. നമ്മുടെ സമൂഹത്തിൽ നാം ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായം അറിഞ്ഞശേഷം യുക്തമായ നടപടി ഉണ്ടാകും.

അതേസമയം കണ്ണൂരിലെ അയിത്തം വെളിപ്പെടുത്തലിൽ ഇന്ന് മന്ത്രി കൂടുതൽ പ്രതികരണം നടത്തിയിരുന്നു. തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്. പൈസക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കൽപ്പിക്കുന്നു. ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കണ്ണൂർ സംഭവത്തിൽ നിയമ നടപടിക്ക് പോകുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചർച്ചകളിലൂടെയാണ് മാറ്റം ഉണ്ടാകേണ്ടത്. ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം ജാതിക്കെതിരായ പോരാട്ടം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!