'ശ്വാസം ബാക്കി കാണില്ല, ആ ഭീഷണി ചെയ്ത പണിക്കുള്ള മറുപടി', മുഖ്യമന്ത്രിയുടെ സഹോദരപുത്രൻ

By Web Team  |  First Published Jun 11, 2022, 2:52 PM IST

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകമാണ് കണ്ണൂർ മീഡിയ ഓൺലൈൻ ചാനലിന്‍റെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിന് വാട്സാപ്പിൽ ഭീഷണി സന്ദേശം എത്തിയത്. 


കണ്ണൂർ: മുഖ്യമന്ത്രിയുടെ സഹോദരന്‍റെ  മകനിൽ നിന്നും വധഭീഷണി നേരിടുന്നതിനാൽ പേടിയോടെയാണ് കണ്ണൂരിൽ കഴിയുന്നതെന്ന് മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാൽ. മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന്‍റെ പിന്നാലെയാണ് ശ്വാസം ബാക്കി കാണില്ല എന്ന ഭീഷണി വാട്സാപ് വഴി മുഖ്യമന്ത്രിയുടെ ബന്ധു സത്യൻ അയച്ചത്. മാധ്യമപ്രവർത്തകൻ ചെയ്ത പണിക്കുള്ള മറുപടിയാണ് നൽകിയതെന്നെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്നും സത്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുകയാണ്. കണ്ണൂരിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകമാണ് കണ്ണൂർ മീഡിയ ഓൺലൈൻ ചാനലിന്‍റെ മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിന് വാട്സാപ്പിൽ ഭീഷണി സന്ദേശം എത്തിയത്. ജീവൻ ബാക്കിയുണ്ടെങ്കിലല്ലേ റിപ്പോർട്ട് ചെയ്യാനാകൂ എന്ന വധ ഭീഷണി അയച്ചതാകട്ടെ മുഖ്യന്ത്രിയുടെ മൂത്ത സഹോദരന്‍റെ മകൻ അഡ്വക്കറ്റ് സി സത്യൻ. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസിന് ഓഡിയോ കൈമാറിയ ശിവദാസൻ കരിപ്പാൽ കണ്ണൂരിൽ ഭയന്നാണ് ജീവിക്കുന്നതെന്ന് പ്രതികരിച്ചു.

വാട്സാപ്പ് ഓഡിയോ തന്‍റേത് തന്നെയാണെന്നും ചെയ്ത പണിക്കുള്ള മറുപടിയാണ് നൽകിയെതെന്നുമായിരുന്നു സി സത്യന്‍റെ മറുപടി.

വധഭീഷണി ഓഡിയോ പുറത്ത് വന്ന് മണിക്കൂകൾ പിന്നിട്ടിട്ടും സംഭവത്തിൽ പൊലീസ് ഇടപെടൽ ഉണ്ടായിട്ടില്ല.

അതേസമയം, മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർ വികാരപരമായി പെരുമാറരുതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായാലും രാഷ്ട്രീയമായി നേരിടണം. മുഖ്യമന്ത്രിക്കെതിരായ തെറ്റായ പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സ്വാഭാവികമാണ്. പാർട്ടി ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഭീഷണിയിലൂടെയല്ലാതെ രാഷ്ട്രീയമായിത്തന്നെ ഇതിനെ നേരിടാൻ സിപിഎമ്മിന് കഴിയും. അപവാദപ്രചാരണങ്ങൾക്കെതിരെ വീടുകളിലെത്തി, ആളുകളെ കണ്ട് വിശദീകരിക്കും - എം വി ജയരാജൻ പറഞ്ഞു.

click me!