സുന്നി വിഭാഗം എക്കാലവും അകറ്റി നിർത്തിയവരാണ് ജമാഅത്തെ ഇസ്ലാമിയെന്ന് വിമർശിച്ച മുഖ്യമന്ത്രി, കോൺഗ്രസിനെയും ലീഗിനെയും വിമർശിച്ചു
മലപ്പുറം: മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ ബന്ധത്തിൻ്റെ പേരിലാണ് മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.
സുന്നി വിഭാഗം എക്കാലവും അകറ്റി നിർത്തിയവരാണ് ജമാഅത്തെ ഇസ്ലാമിയെന്ന് വിമർശിച്ച മുഖ്യമന്ത്രി ഇവർ യുഡിഎഫിനൊപ്പം ഇപ്പോൾ ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞു. മുസ്ലിം ലീഗിന് അവരോട് വല്ലാത്ത പ്രതിപത്തിയാണ്. ഇത് അപകടകരമാണ്. മുസ്ലിം ലീഗ് വർഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയാണ്. ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതി വരും. ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിം ലീഗ് മനസിലാക്കിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകും. നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാട്ടുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ഭൂരിപക്ഷ വർഗീയതക്ക് ന്യൂനപക്ഷ വർഗീയതയല്ല മരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷ വർഗീയതയും പരസ്പരപൂരകങ്ങളാണ്. ന്യുനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എന്നാൽ അതിന് വർഗീയതയോട് കീഴ്പ്പെടുകയല്ല വേണ്ടത്. മതനിരപേക്ഷതയാണ് വർഗീയതയ്ക്കുള്ള മറുമരുന്ന്. എന്നാൽ കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും യോജിപ്പോടെ സർക്കാരിനെ എതിർക്കുകയാണ്. നാല് വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്ന കോൺഗ്രസിൻ്റെയും ലീഗിൻ്റെയും നിലപാട് അപകടകരമാണ്.
സംഘപരിവാർ അക്രമങ്ങളിൽ മുസ്ലിം വിഭാഗങ്ങളാണ് ഏറ്റവുമധികം ഇരകളായത്. ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. എന്നാൽ വിട്ടുവീഴ്‌ചയില്ലാതെ വർഗീയതയെ നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് അവർക്ക് പറയാനാവുമോ? കോൺഗ്രസ് നേതാക്കളും അണികളും ബിജെപിക്ക് ഒപ്പം പോകുന്നു. ആ അനുഭവത്തിൽ നിന്നും കോൺഗ്രസ് പഠിക്കുന്നുണ്ടോ? വർഗീയതുടെ ആടയാഭരണങ്ങൾ അണിഞ്ഞ ഒരുപാട് കോൺഗ്രസ് നേതാക്കളുണ്ട്. സംഘപരിവാറിനൊപ്പം ചേർന്ന് പരസ്യ നിലപാട് എടുക്കുന്ന കോൺഗ്രസ് നേതാക്കളുമുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.