ക്ലാസധ്യാപകൻ കുട്ടിയെ വിളിച്ച് സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചിരുന്നതുമാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിലെ ദേവികയുടെ മരണം ഏറെ ദുഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേവിക പഠിച്ച സ്കൂളിൽ 25 കുട്ടികൾക്ക് ഇന്റർനെറ്റ്, ടിവി സൗകര്യമില്ലെന്ന് കണ്ടെത്തിയിരുന്നു. ക്ലാസധ്യാപകൻ കുട്ടിയെ വിളിച്ച് സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചിരുന്നതുമാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ മറ്റ് കാര്യങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേവികയുടെ മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ് ലഭിക്കാത്തതിനാൽ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്ന് അച്ഛൻ പറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്. പഞ്ചായത്ത് യോഗത്തിൽ എല്ലാ വാർഡിലെയും കുട്ടികളുടെ പ്രശ്നം പരിഹരിക്കാൻ പരിപാടി തയ്യാറാക്കി. പിടിഎയും കുട്ടികൾക്ക് ഇന്റർനെറ്റും ടിവിയും ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു.
undefined
സംസ്ഥാനത്ത് 41 ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയത്തിൽ ഒന്നുമുതൽ 12ാം ക്ലാസ് വരെയുള്ളത്. പ്ലസ് വൺ ഒഴികെയുള്ള കണക്കാണിത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറക്കാനാവാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുകൾക്കുള്ള പദ്ധതികൾ തയ്യാറാക്കിയത്. വിക്ടേർസ് ചാനൽ വഴിയും സാമൂഹ്യ മാധ്യമ അക്കൗണ്ട് വഴിയും കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചു. ജൂൺ ഒന്നിന് ഓൺലൈൻ പഠനം ആരംഭിച്ചു. വലിയ സ്വീകാര്യത ലഭിച്ചു. പല ക്ലാസുകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നന്നായി ഇഷ്ടപ്പെട്ടുവെന്ന് പ്രതികരണത്തിൽ നിന്ന് മനസിലായി.
ഇതാദ്യമായാണ് ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കുന്നത്. 41 ലക്ഷം കുട്ടികളെയും ഓൺലൈൻ ക്ലാസിൽ പങ്കെടുപ്പിക്കാനുള്ള വലിയ ഉത്തരവാദിത്തമായിരുന്നു. ഈ തീരുമാനം എടുത്തപ്പോൾ തന്നെ എത്ര കുട്ടികൾക്ക് ഇത് സാധ്യമാകുമെന്നും പരിശോധിച്ചിരുന്നു. അധ്യാപകരോട് കുട്ടികളെയും രക്ഷിതാക്കളെയും ബന്ധപ്പെട്ട് പരിശോധിക്കാൻ തീരുമാനിച്ചു. 26,1784 കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്ന് കണ്ടെത്തി. സർക്കാരിനെ സംബന്ധിച്ച് ഈ കുട്ടികളും ഓൺലൈൻ സംവിധാനത്തിനൊപ്പം ചേർത്ത് നിർത്തേണ്ടവരാണ്. ഇവർക്കും പഠനം സാധ്യമാക്കാനാകുമെന്ന ഉറപ്പുണ്ട്.
ചില കുട്ടികൾക്ക് വീട്ടിൽ ടിവിയും സ്മാർട്ട്ഫോണും ഉണ്ടാകില്ല. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി. ക്ലാസ് ലഭിക്കാത്ത കുട്ടികൾക്ക് ഇത് ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും എല്ലാ നേതൃത്വത്തിൽ വിവിധ പരിശ്രമങ്ങൾ നടക്കുന്നു. എല്ലാ എംഎൽഎമാരുടെയും പിന്തുണ ഇക്കാര്യത്തിൽ തേടിയിരുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഇതിനായി ശ്രദ്ധിച്ചു.
പൊതു ഇടങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള ക്രമീകരണം പുരോഗമിക്കുന്നുണ്ട്. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുന്നു. ബെവ്കോ പൊതുനന്മ ഫണ്ട് ഉപയോഗിച്ച് 500 ടിവികൾ വാങ്ങിനൽകാൻ തീരുമാനിച്ചു. നിരവധി വിദ്യാർത്ഥി സംഘടനകളും ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു.
ആദ്യത്തെ രണ്ടാഴ്ച ട്രയൽ സംപ്രേഷണമാണ്. എല്ലാ കുട്ടികളെയും അപ്പോഴേക്കും ഇതിന്റെ ഭാഗമാക്കാനാവും. ഓൺലൈൻ ക്ലാസുകൾ താത്കാലിക പഠന സൗകര്യമാണ്. മഹാമാരിയെ നേരിടുന്ന നാട് എത്ര കാലം കൊണ്ട് പൂർവ്വ സ്ഥിതിയിലാകുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. പഠനം ക്ലാസ് മുറിയിൽ തന്നെയാണ് നല്ലത്. അതിനവസരം വന്നാൽ അപ്പോൾ തന്നെ സാധാരണ നിലയിൽ ക്ലാസ് ആരംഭിക്കും. സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരികയാണ് പ്രധാനം. ഈ പരിപാടി കുട്ടികളുടെ മാനസിക വളർച്ചയ്ക്കും അനിവാര്യമാണ്. ഈ ലക്ഷ്യം പൂർണ്ണമായി ഉൾക്കൊള്ളാതെ ചില വിമർശനം ഉയരുന്നുണ്ട്. കുട്ടികൾക്ക് വീണ്ടും കാണാനാവുന്ന നിലയിൽ യൂട്യൂബിലും ഫെയ്സ്ബുക്കിലും വീഡിയോ ലഭിക്കും. കുട്ടികൾക്കും ക്ലാസ് നഷ്ടപ്പെടില്ല.
ഇപ്പോൾ ടിവിയോ മൊബൈൽ ഫോണോ ഇല്ലെന്ന പേരിൽ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല. രണ്ടാഴ്ച ട്രെയലായി പ്രദർശിപ്പിക്കുന്ന പാഠഭാഗങ്ങൾ പുനസംപ്രേഷണം ചെയ്യും. ഇടുക്കി ജില്ലയിലെ കണ്ണമ്പടി, ഇടമലക്കുടി എന്നിവിടങ്ങളിൽ ഓഫ് ലൈൻ പഠന സൗകര്യം ലഭ്യമാക്കും. മറ്റ് പിന്നാക്ക കേന്ദ്രങ്ങളിലും ഇതേ പഠന സൗകര്യം ലഭ്യമാക്കും. ടിവി കംപ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ ലഭ്യമാക്കാൻ സമഗ്ര ശിക്ഷ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗകര്യമൊരുക്കും എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.