ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്രം പിന്മാറണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

By Web Team  |  First Published Oct 11, 2022, 10:10 PM IST

അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കുന്ന എല്ലാ ശ്രമങ്ങളും ജനങ്ങളിലും തൊഴിലന്വേഷകരിലും ആശങ്കയുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി


ദില്ലി: ഹിന്ദി ഏക അധ്യയന ഭാഷയാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാ‍ർ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുൾപ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പർ നൽകേണ്ടതുണ്ടെന്നും മറിച്ചുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും പിണറായി കത്തിൽ പറഞ്ഞു. അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കുന്ന എല്ലാ ശ്രമങ്ങളും ജനങ്ങളിലും തൊഴിലന്വേഷകരിലും ആശങ്കയുണ്ടാക്കുന്നതാണെന്നും വിഷയത്തിൽ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തൽ നടപടികൾ എടുക്കണമമെന്നും പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

Latest Videos

പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ ദേശീയ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായിരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്രീയ വിദ്യാലയങ്ങൾ, ഐ ഐ ടികൾ, ഐ ഐ എമ്മുകൾ, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയവയിൽ ഹിന്ദി നിർബന്ധിത അധ്യയന ഭാഷയാക്കണമെന്നും കേന്ദ്രസർക്കാർ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യാവലി ഹിന്ദിയിലാവണമെന്നും ശുപാർശകളിലുണ്ട്. ഇത്തരത്തിൽ അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കുന്ന എല്ലാ ശ്രമങ്ങളും രാജ്യത്തെ ജനങ്ങളിൽ വിശിഷ്യാ തൊഴിലന്വേഷകരിൽ ആശങ്കയുണ്ടാക്കുന്നതാണ്. ഈ വിഷയത്തിൽ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തൽ നടപടികൾ എടുക്കണമമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭാഷാ, സാംസ്കാരിക, മതപരമായ വൈജാത്യങ്ങളിലും ഏകത്വവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് നമ്മുടേത്. വിവിധ ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയിൽ ഏതെങ്കിലും ഒരു ഭാഷയെ മാത്രമായി ഔദ്യോഗിക ഭാഷയാക്കി ഉയർത്തിക്കാട്ടുന്നത് ശരിയല്ല. രാജ്യത്ത്‌ ഹിന്ദി അറിയാത്തവർക്ക്‌ കേന്ദ്രസർക്കാർ തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്ന സ്‌ഥിതിയാണ്‌ ഔദ്യോഗികഭാഷാ സമിതി ശുപാർശകൾ നടപ്പാക്കുന്നതോടെ ഉണ്ടാവുക. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുൾപ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പർ നൽകേണ്ടതുണ്ട്.

നിർബന്ധബുദ്ധിയോടെ ഹിന്ദി ഏക അധ്യയന ഭാഷയാക്കി അടിച്ചേൽപ്പിക്കരുതെന്നും വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനങ്ങളുടെ സവിശേഷാധികാരങ്ങൾ പരിഗണിക്കണമെന്നും പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ സഹകരണാത്മക ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ തിടുക്കത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാവരുതെന്നും ഹിന്ദിവൽക്കരണത്തിനായുള്ള ശ്രമങ്ങളിൽ നിന്നു കേന്ദ്ര സർക്കാർ പിന്മാറണമെന്നും ആവശ്യപ്പെട്ടു.

'നരബലിക്ക് പിന്നിൽ സിപിഎം നേതാവ്, കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ല', 67000 മാൻമിസിംഗ്, അന്വേഷണം വേണം: സുധാകരൻ

click me!