സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളുമായി ഓഫീസിൽ വന്നാൽ എന്ത് സംഭവിക്കും ? സര്‍ക്കുലര്‍ പറയുന്നത് ഇങ്ങനെ...

By Web Team  |  First Published Nov 4, 2022, 6:01 PM IST

മുഖ്യമന്ത്രി പിണറായി വിജയന്  കീഴിലുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ് 2018 ൽ ഇറക്കിയ സര്‍ക്കുലര്‍ പറയുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരികയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് വിലപ്പെട്ട ഓഫീസ് സമയം നഷ്ടപ്പെടുത്തുമെന്നാണ്.


തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കുഞ്ഞുമായി പൊതുപരിപാടിക്കെത്തിയതിനെ എതിര്‍ത്തും അനുകൂലിച്ചും വൻ ചര്‍ച്ചകളാണ് നടക്കുന്നത്. ഔദ്യോഗിക കാര്യങ്ങൾക്കിടെ കുട്ടികളുമായി എത്തുന്നത് എന്തിനെന്ന ചോദ്യമാണ് ദിവ്യ എസ് അയ്യര്‍ക്കെതിരെ കൂട്ടത്തിൽ അധികവും. കളക്ടര്‍ പരിധി വിടുന്നു എന്നും പൊങ്ങച്ചം കാണിക്കുന്നു എന്നും അടക്കം ആരോപണങ്ങൾ ശക്തമാണ്. മാത്രമല്ല മകനൊപ്പം അടൂരിലെ ഒരു സിനിമാ ഫെസ്റ്റിവെൽ വേദിയിൽ പങ്കെടുക്കുന്ന കളക്ടറുടെ വീഡിയോ ഷെയര്‍ ചെയ്ത ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നടപടി വരെ വലിയ തോതിൽ വിമര്‍ശന വിധേയമാകുകയും ചെയ്തു. 

വിദേശ രാജ്യങ്ങളിൽ പ്രധാനമന്ത്രി വരെ കൈക്കുഞ്ഞുങ്ങളുമായി ഔദ്യോഗിക പരിപാടിക്കെത്തുന്നത് വൻ തോതിൽ ആഘോഷിക്കുന്ന സമൂഹം ദിവ്യ എസ് അയ്യരുടെ കാര്യത്തിലോ കേരളത്തിന്റെ പൊതു സാഹചര്യങ്ങളിൽ പൊതുവേയുമോ അംഗീകരിക്കാത്തതെന്തെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. എതിര്‍ത്തും അനുകൂലിച്ചും വൻ ചര്‍ച്ചകൾ നടക്കുന്നതിനിടെയാണ് ഓഫീസിൽ കുട്ടികളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറും ജനശ്രദ്ധയിലെത്തുന്നത്. 

Latest Videos

മുഖ്യമന്ത്രി പിണറായി വിജയന്  കീഴിലുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ് 2018 ൽ ഇറക്കിയ സര്‍ക്കുലര്‍ പറയുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരികയും ഒപ്പം ഇരുത്തുകയും ചെയ്യുന്നത് വിലപ്പെട്ട ഓഫീസ് സമയം നഷ്ടപ്പെടുത്തുമെന്നാണ്. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നതിനൊപ്പം ഓഫീസ് ഉപകരണങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായും ആക്ഷേപമുണ്ട്. അതിനാൽ ഉദ്യോഗസ്ഛര്‍ ഓഫീസ് സമയത്ത് കുട്ടികളെ കൊണ്ടുവരുന്ന പ്രവണത നിയന്ത്രിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പു മേധാവികൾ തയ്യാറാകണമെന്നും സര്‍ക്കുലര്‍ പറയുന്നു. 

അതേസമയം വിമര്‍ശനങ്ങൾ രൂക്ഷമായതിനെ തുടര്‍ന്ന് ചിറ്റയം പോസ്റ്റ് പിൻവലിച്ചപ്പോൾ എതിര്‍ത്തും അനുകൂലിച്ചും നിന്ന സൈബര്‍ പട ചിറ്റയത്തെയും വെറുതെ വിട്ടില്ല.  കളക്ടറെ മോശമായി ചിത്രീകരിക്കുന്ന നിരവധി കമന്റുകൾ വന്നതോടെയാണ് ഫേസ് ബുക്ക് പേജ് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയ ആൾ പോസ്റ്റ് പിൻവലിച്ചതെന്നും അതിലുള്ള അതൃപ്തിയും രോഷവും അറിയിച്ചിട്ടുണ്ടെന്നുമാണ് ചിറ്റയത്തിന്റെ വിശദീകരണം. തിരക്കുള്ള ജില്ലാകളക്ടര്‍ ജോലിക്കിടെ മകൻ മൽഹാറിന് അമ്മയെ മിസ്സ് ചെയ്യാറുണ്ടെന്ന് മുൻ എംഎൽഎ കെഎസ് ശബരീനാഥന്റെ ഫേസ് ബുക്ക് കുറിപ്പുകൂടി വന്നതോടെ സംഭവം വലിയ ചര്‍ച്ചയായി. 

ഔദ്യോഗിക തിരക്കുള്ള സ്ത്രീകൾ അമ്മമാര്‍ കൂടിയാകുമ്പോൾ അമ്മയെന്ന നിലക്കുള്ള ഉത്തരവാദിത്തം ഏതെങ്കിലും ഒഔദ്യോഗിക കൃത്യനിര്‍വ്വഹണ പരിസരത്ത് നിന്ന് മാത്രം വിലയിരുത്തുന്നതെങ്ങനെയെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. മകനെ മാറോടണച്ചിരിക്കുന്ന ഫോട്ടോയും പൊതുപരിപാടിയുടെ വീഡിയോയും വൈറലായോടെ  ഇത്രമാത്രം ഇത് ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നാണ് ദിവ്യ എസ് അയ്യരുടെ പ്രതികരണം. സ്ത്രീ ശാക്തീകരണം  എന്നാൽ ഒരിക്കവും ഭാര്യ അമ്മ എന്നി റോളുകൾ പറിച്ചെറിഞ്ഞുള്ള യാത്രയല്ലെന്നും അ റോളിലെല്ലാം നിന്ന് എങ്ങനെ ശക്തരാകുന്നു എന്ന് തെളിയിക്കുന്നതാണെന്നുമാണ് ദിവ്യ എസ് അയ്യര്‍ പറയുന്നത്. 

Read More :  'കളക്ടർക്കെതിരെ അധിക്ഷേപം ഉണ്ടായതിനെ തുടർന്നാണ് പോസ്റ്റ് നീക്കം ചെയ്തത്, സമ്മർദ്ദത്താലല്ല'; ചിറ്റയം ​ഗോപകുമാർ

click me!