'യാത്രക്കാരെ ഞെക്കിപ്പിഴിഞ്ഞ് വിമാന കമ്പനികള്‍'; നാട്ടില്‍ പോകുന്നവരുടെ പോക്കറ്റ് കീറും

By Web Team  |  First Published Dec 21, 2023, 8:04 AM IST

ടിക്കറ്റ് നിരക്ക് നിര്‍ണയത്തിനുള്ള പൂര്‍ണ അധികാരം വിമാന കമ്പനികള്‍ക്ക് നല്‍കിയതാണ് നിരക്ക് ഇത്രയും ഉയരാന്‍ കാരണം.


ദില്ലി: ഓരോ ആഘോഷവേളകളും വിമാന കമ്പനികള്‍ക്ക് ചാകരയാണ്. ഇത്തവണ ക്രിസ്തുമസ് പുതുവത്സര ആഘോഷവേളയിലും സ്ഥിതി വ്യത്യസ്തമല്ല. അഞ്ച് ലക്ഷത്തിലധികം മലയാളികളുള്ള ദില്ലിയില്‍ ഇത്തവണ ക്രിസ്തുമസിന് നാട്ടില്‍ പോകുന്നവരുടെ പോക്കറ്റ് കീറും. 

ദില്ലിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് തുടങ്ങുന്നതു തന്നെ ഇരട്ടിയില്‍ അധികമായാണ്. അയ്യായിരം രൂപയ്ക്കുള്ളിലുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോള്‍ തുടങ്ങുന്നത് പന്ത്രണ്ടായിരം രൂപയ്ക്കാണ്. ക്രിസ്തുമസിന് അടുത്ത ദിവസങ്ങളിലാണ് യാത്രയെങ്കില്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റിന് 32,000 രൂപ വരെ നല്‍കണം. ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്കും തുടങ്ങുന്നത് പതിമൂവായിരം രൂപയിലാണ്. 26,000 രൂപ വരെ ഈ ആഴ്ച്ചത്തെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. കൊച്ചിക്കുള്ള ടിക്കറ്റും സമാന നിരക്കാണ് പന്ത്രണ്ടായിരം മുതല്‍ ഇരുപത്തയ്യായിരം രൂപ വരെയാണ് നിരക്ക്. വരും ദിവസങ്ങളില്‍ നിരക്ക് ഇനിയും ഉയരും. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളില്‍ നിന്നുള്ള നിരക്കും ഇതു പോലെ തന്നെയാണെന്ന് യാത്രക്കാര്‍ പറയുന്നു. 

Latest Videos

ടിക്കറ്റ് നിരക്ക് നിര്‍ണയത്തിനുള്ള പൂര്‍ണ അധികാരം വിമാന കമ്പനികള്‍ക്ക് നല്‍കിയതാണ് നിരക്ക് ഇത്രയും ഉയരാന്‍ കാരണം. പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെ നേരത്തെ ബുക്ക് ചെയ്താല്‍ കൂടുതല്‍ തുക നല്‍കേണ്ടി വരില്ലെന്നായിരുന്നു വ്യോമയാന മന്ത്രി സ്ഥിരം നല്‍കുന്ന മറുപടി. മന്ത്രി പ്രതികരണം നടത്തിയത് ഒഴിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്തുന്നില്ല. ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ആരും ഇടപെടുന്നില്ലെന്നും ദില്ലി മലയാളികള്‍ പ്രതികരിച്ചു. ചൂഷണത്തിനുള്ള അവസരമായി വിമാനകമ്പനികള്‍ സഹചര്യത്തെ മുതലെടുക്കുകയും ചെയ്യുന്നു.

20കാരനൊപ്പം ഫോട്ടോ, വിമര്‍ശനം; ജീവനൊടുക്കി 28കാരി വീട്ടമ്മ, പിന്നാലെ യുവാവും 
 

click me!