തിരുവനന്തപുരം കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്ന പരാതിയുമായി ദമ്പതികൾ
കിഴുവില്ലം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും, സഹകരണ രജിസ്ട്രാർക്കും നൽകിയ പരാതിയിൽ പറയുന്നത്.
വിവാഹത്തിന് അണിഞ്ഞ 45 പവൻ ആഭരണങ്ങളാണ് രമ്യയും ഭര്‍ത്താവ് പ്രദീപ് കുമാറും സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത്. 2008ലാണ് ലോക്കറെടുത്തത്. വര്‍ഷാവര്‍ഷം വാടക നൽകി വന്നിരുന്നു. 2015 ൽ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ അഞ്ച് മാലയും 17വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തിയതി ബാങ്ക് ലോക്കർ വീണ്ടും തുറന്നപ്പോൾ പക്ഷേ, 17 വളകൾ കാണാനുണ്ടായിരുന്നില്ല. ബാങ്ക് അധികൃതരോട് പറഞ്ഞപ്പോൾ മോശം സമീപനമായിരുന്നെന്നും, പൊലീസീനും സഹകരണ രജിസ്ട്രാറിനും പരാതി നൽകിയെന്നും ദമ്പതികൾ പറയുന്നു.
ഒപ്പം സൂക്ഷിച്ചിരുന്ന മാലകൾ ലോക്കറിൽ തന്നെ ഉണ്ടെങ്കിലും അത് സ്വര്‍ണ്ണം തന്നെ ആണോ എന്ന കാര്യത്തിലുമുണ്ട് സംശയമെന്നാണ് ദമ്പതികൾ പറയുന്നത്. ഇതിന് പിന്നാലെ അന്വേഷിച്ചപ്പോൾ സമാനമായ സംഭവം നടന്നതായി പരാതിക്കാരുള്ളതായി അറിയാൻ കഴിഞ്ഞതായും ദമ്പതികൾ ആരോപിക്കുന്നു.
എന്നാൽ സ്വർണ്ണം കാണാതെ പോയതിൽ ബാങ്കിന്‍റെ ഭാഗത്ത് വീഴ്ച്ചയൊന്നും ഇല്ലെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. ലോക്കറിന്‍റെ താക്കോൽ സൂക്ഷിക്കുന്നത് ലോക്കർ എടുത്തവർ തന്നെയാണന്നും, അവരറിയാതെ സ്വർണ്ണം എങ്ങനെ പുറത്തുപോകുമെന്നുാണ് ബാങ്ക് അധികൃതർ ചോദിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം