ചിന്ത ജെറോമിന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ്‍

By Web Team  |  First Published Aug 19, 2021, 11:32 AM IST

'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.


തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കേരള സർവ്വകലാശാല പ്രൊ വൈസ് ചാൻസ്‍ലർ ഡോ. പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. 'നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം' എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

യുജിസിയുടെ ജൂനിയര്‍ റിസേർച്ച് ഫെലോഷിപ്പോടുകൂടിയാണ് (ജെ.ആർ.എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും  കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ്ഡും പൂർത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.

Latest Videos

കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം 'ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍' ഗവേഷണം നടത്തിയ ചിന്താ ജെറോം നിലവില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയർപേഴ്സണാണ്. മുൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായും കെരള സർവ്വകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. 

'ചുംബനം, സമരം, ഇടതുപക്ഷം' , 'ചങ്കിലെ ചൈന' 'അതിശയപ്പത്ത്' എന്നീ മൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. എസ്.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. കൊല്ലം ചിന്താ ലാന്റിൽ അധ്യാപക ദമ്പതികളായ സി. ജെറോമിന്റേയും എസ്തർ ജെറോമിന്റേയും ഏകമകളാണ് ചിന്താ ജെറോം.

click me!