രണ്ടരവയസുകാരിയെ മുറിവേൽപിച്ച സംഭവം; കർശന നടപടി ഉണ്ടാകുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി

By Web Team  |  First Published Dec 3, 2024, 5:31 PM IST

സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിവരം അറിഞ്ഞപ്പോൾ തന്നെ നിയമപരമായ നടപടി എടുത്തുവെന്നും അരുൺ ​ഗോപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപിച്ച സംഭവത്തിൽ പ്രതികരണവുമായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ​ഗോപി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും വിവരം അറിഞ്ഞപ്പോൾ തന്നെ നിയമപരമായ നടപടി എടുത്തുവെന്നും അരുൺ ​ഗോപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കണ്ണിലെണ്ണ ഒഴിച്ചെന്ന് പോലെയാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഒരാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് താൽകാലിക ജീവനക്കാരെ പിരിച്ച് വിട്ടതായും അരുൺ​ഗോപി അറിയിച്ചു. കുട്ടിയെ അപ്പോൾത്തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിരിച്ചുവിട്ട ഏഴുപേരിൽ മൂന്ന് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. താത്ക്കാലിക കരാർ ജീവനക്കാരാണ് ഇവർ.

Latest Videos

undefined

ക്രഷിൽവെച്ച് കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് ദേഹത്ത് മുറിവുകളുള്ളതായി ശ്രദ്ധയിൽപെട്ടത്. കുറ്റക്കാർക്കെതിരെ വളരെ കർക്കശമായ നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പറഞ്ഞു. കുട്ടികള സംരക്ഷിക്കുന്ന കാര്യത്തിൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. ചെറിയ വീഴ്ചകൾ പോലും ഉണ്ടാകാൻ പാടില്ല എന്ന് തന്നെയാണ് നിലപാട്. കുറ്റകൃത്യം ഇവിടം കൊണ്ട് അവസാനിപ്പിക്കുകയല്ല ചെയ്തത്. മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിലാണ് നിയമനടപടിയിലേക്ക് പോയതെന്നും അരുൺ ​ഗോപി വ്യക്തമാക്കി. 

രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മ്യൂസിയം പൊലീസ് കുട്ടിയെ സ്ഥിരമായി പരിചരിക്കുന്ന ആയമാരെ ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു.

click me!