ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗർഭസ്ഥശിശുവും പിന്നാലെ അമ്മയും മരിച്ചത്. ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റ ഭാര്യ അശ്വതിയും ഗർഭസ്ഥ കുഞ്ഞും ആണ് മരിച്ചത്. ഉള്ളേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച പുലർച്ചെ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അറിയിച്ചു.
ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ ഇന്ന് വൈകുന്നേരാണ് അശ്വതി മരിച്ചത്. കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ നഷ്ടപ്പെടാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവർ അത്തോളി പൊലീസിൽ പരാതിയും നൽകി.
undefined
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണ കാരണം ചികില്‍സാ പിഴവില്ലെന്ന് അത്തോളി മലബാര്‍ മെഡിക്കല്‍ കോളേജ് വ്യക്തമാക്കി. അമ്മയ്ക്ക് ബിപി അനിയന്ത്രിതമായി കൂടിയത് പ്രശ്നങ്ങളുണ്ടാക്കി. രണ്ടു ദിവസം ബിപി നിയന്ത്രിക്കാന്‍ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. തുടർന്ന് രക്തസ്രാവം ഉണ്ടായപ്പോൾ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയിരുന്നെന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചത്.