ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കില്ല, സര്‍ക്കാരിനെ അറിയിക്കാതെ വിളിക്കുന്നത് ശരിയല്ല: മുഖ്യമന്ത്രി

By Web Team  |  First Published Oct 8, 2024, 10:46 AM IST

സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ല


തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തുറന്ന പോരിലേക്ക്, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പി വി അന്‍വറിന്‍റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം എന്നിവയില്‍ ഇന്ന്  നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ചീഫ്സെക്രട്ടറിയോടും  ഡിജിപിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അംഗീകരിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രി കത്ത്  നല്‍കി.

സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിൽ പോകില്ല. നാല് മണിക്ക് രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം. ഗവർണറുടേത് ചട്ടവിരുദ്ധ നടപടിയെന്നാണ് സർക്കാർ വിലയിരുത്തല്‍.

മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശ ദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പരാമർശം ആണ് ഗവർണർ ഇടപെടാൻ ഇടയാക്കിയത്. ഇത്തരം സംഭവങ്ങളിലെ കേസുകളുടെ എണ്ണം അടക്കം വിശദീകരിക്കുന്നതിനോടൊപ്പം പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തലിന്റെ വിശദാംശങ്ങളും ആവശ്യപ്പെട്ടിരുന്നു. മലപ്പുറം പരാമർശത്തിൽ നേരത്തെ മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചിരുന്നെങ്കിലുംഇതുവരെ മറുപടി നൽകിയിരുന്നില്ല.
.
വിവാദ പരാമർശത്തിൽ ഹിന്ദു ഖേദം പ്രകടിപ്പിച്ചിരുന്നു. പിആർ ഏജൻസിയുടെ നിർദ്ദേശപ്രകാരം പരാമർശം ഉൾപ്പെടുത്തി എന്നായിരുന്നു ഹിന്ദുവിന്‍റെ   വിശദീകരണം. എന്നാൽ ഏജൻസിക്കെതിരെ ഇതുവരെ മുഖ്യമന്ത്രി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
     

Latest Videos

click me!