മുഖ്യമന്ത്രി അടുത്ത മാസം യുഎഇയിലേക്ക്; മന്ത്രിമാരായ രാജീവും റിയാസും സംഘത്തിൽ

By Web Team  |  First Published Apr 9, 2023, 3:16 PM IST

യുഎഇ സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.


തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യുഎഇയിലേക്ക് പോകും. യുഎഇ സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മെയ് ഏഴിന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും പങ്കെടുക്കുന്നുണ്ട്. 

മെയ് പത്തിന് പൊതുജന സംവാദം അടക്കം വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഉള്ളത്. മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ജൂണിൽ അമേരിക്കയിലേക്കും, സെപ്തംബറിൽ സൗദി അറേബ്യയിലേക്കുമാണ് യാത്ര തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ യു കെ- യുറോപ്പ് മേഖല സമ്മേളനം ലണ്ടനിൽ നടത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയടക്കം പങ്കെടുത്തിരുന്നു.

Latest Videos

Also Read: 'പ്രത്യാശയുടെയും പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകം'; മുഖ്യമന്ത്രിയുടെ ഈസ്റ്റര്‍ ആശംസ

വീണ്ടും വിദേശ പര്യടത്തിനൊരുങ്ങുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു.  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായക്കാലത്ത് കോടികൾ ചെലവാക്കി വിദേശ ടൂർ നടത്തുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരമാണെന്നാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്. സംസ്ഥാന സർക്കാർ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും സതീശൻ ആക്ഷേപിച്ചു. എന്തും ചെയ്യാം എന്ന ധിക്കാരമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെന്നും സർക്കാർ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും വി ഡി സതീശൻ വിമർശിച്ചിരുന്നു. 

click me!