"തുഞ്ചൻ പറമ്പിനെ വർഗീയ ദുസ്വാധീനങ്ങൾക്കായി തുറന്നുകൊടുക്കാൻ എത്ര വലിയ സമ്മർദമാണ് ഒരു ഘട്ടത്തിൽ എം ടിക്കുമേൽ ഉണ്ടായത്! ആ ജീവനു ഭീഷണി പോലുമുണ്ടായി."- മുഖ്യമന്തി
തിരുവനന്തപുരം : ടാഗോർ തീയേറ്ററിൽ നടന്ന എം ടി വാസുദേവൻ നായർ അനുസ്മരണ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എല്ലാവരേയും പോലെ ഞാനും ഏറെ വേദനയോടെയാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നതെന്നും എം ടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന വ്യക്തിയും തുഞ്ചൻ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രമാക്കി വളർത്തിയ വ്യക്തിയുമാണ് എം ടിയെന്ന് പിണറായി വിജയൻ ഓർമപ്പിച്ചു. എം ടി അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും മുമ്പത്തെ പോലെ ഇപ്പോഴും ആ ഘട്ടങ്ങളെ മറികടന്ന് എം ടിക്ക് ജീവിതത്തിൽ ഒരു 'രണ്ടാമൂഴം' കൂടിയുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കാലത്തിനു നേർക്കു തിരിച്ചുപിടിച്ച മനസ്സായിരുന്നു എം ടിക്ക് സാഹിത്യലോക. തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ് അദ്ദേഹമെന്ന് മുഖ്യമന്തി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ :
"സാഹിത്യകൃതികൾ കൊണ്ടുമാത്രമല്ല, മനുഷ്യസ്‌നേഹപരമായ നിലപാടുകൾ കൊണ്ടുകൂടിയാണ് എം ടി മലയാള മനസ്സിൽ പതിഞ്ഞുനിൽക്കുന്നത്. തുഞ്ചൻ പറമ്പിനെ വർഗീയ ദുസ്വാധീനങ്ങൾക്കായി തുറന്നുകൊടുക്കാൻ എത്ര വലിയ സമ്മർദമാണ് ഒരു ഘട്ടത്തിൽ എം ടിക്കുമേൽ ഉണ്ടായത്! ആ ജീവനു ഭീഷണി പോലുമുണ്ടായി. എന്നാൽ, എം ടി തരിമ്പും വിട്ടുവീഴ്ച കാട്ടാതെ മതനിരപേക്ഷതയെ തുഞ്ചൻ പറമ്പിന്റെ ജീവനാക്കി നിലനിർത്തി. മതേതര കേരളം എന്നും അതിന് എം ടിയോടു നന്ദിയുള്ളതായിരിക്കും.
സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി തന്നെ മതിയാകും അദ്ദേഹത്തിലെ ഈ പുരോഗമനോന്മുഖ സ്വഭാവം തിരിച്ചറിയാൻ. പിന്നീടത് ചലച്ചിത്രമായി മാറിയപ്പോൾ തനിക്ക് പറയാനുള്ള ഉൽപതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകൾ സധൈര്യം അദ്ദേഹം അതിലൂടെ മുന്നോട്ടുവെച്ചു.
ആവശ്യമുള്ളിടത്ത് തിരുത്തിയും, മതിയായ രീതിയിൽ സഹകരിച്ചും പ്രോത്സാഹിപ്പിച്ചും ഞങ്ങളുടേതടക്കമുള്ള ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം നൽകിയ പിന്തുണയും ഈ അവസരത്തിൽ നന്ദിപൂർവ്വം ഓർമ്മിക്കുകയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും സ്‌നേഹസമ്പന്നനായ സഹയാത്രികനായിരുന്നു എം ടി എന്നും ഓർക്കേണ്ടതുണ്ട്. മഹത്തും, പരിവർത്തനോന്മുഖവുമായ ഒരു മഹാകാലത്തിന്റെ, അവസാനിച്ചുകൊണ്ടിരിക്കുന്ന പ്രതീകങ്ങളിൽ പ്രമുഖനാണ് എം ടി.
മലയാള സാഹിത്യത്തിന്റെ തേജോമയമായ മുഖം മറ്റ് ഇന്ത്യൻ ഭാഷകൾ ദർശിക്കുന്നത് എം ടിയിലൂടെയാണെന്നതും നമുക്കറിയാം. ജി ശങ്കരക്കുറുപ്പിനെയും തകഴിയെയും ബഷീറിനെയും പൊറ്റെക്കാട്ടിനെയും ഒ എൻ വിയെയും അക്കിത്തത്തെയും പോലെ ഇന്ത്യൻ എഴുത്തുകാരൻ എന്ന പദവിയിലാണ് എം ടിയുടെ നില. എം ടിയുടെ സാംസ്‌കാരിക സംഭാവനകളെ കേരളം എന്നും നന്ദിപൂർവ്വം ഓർക്കും. മലയാളഭാഷ ഉള്ളിടത്തോളം എം ടി ഓർമ്മിക്കപ്പെടും. ആ ഓർമ്മകൾക്ക് ആദരമർപ്പിക്കുന്നു."- മുഖ്യമന്ത്രി പിണറായി വിജയൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം