കുട്ടികൾ മാത്രമല്ല വേദിയും ഡബിൾ സ്ട്രോങ്ങാ..; 30 വർഷമായി കലോത്സവത്തിന് പന്തലൊരുക്കുന്ന ഉമ്മർ

By Rini Raveendran  |  First Published Jan 5, 2023, 2:37 PM IST

കഴിഞ്ഞ 30 വർഷക്കാലമായി ഓരോ കലോത്സവ വേദിയിലുമുണരുന്നത് ഉമ്മർ പണിത പന്തലുകളാണ്.


ചെറുതുരുത്തിക്കാരൻ ഉമ്മർ പന്തൽ പണിയുമായിറങ്ങുന്നത് തന്റെ പതിനേഴാമത്തെ വയസിലാണ്. ഇന്ന്, 42 വർഷത്തിനിപ്പുറം സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ താൻ പണിത പന്തലിനരികിലിരുന്ന് കൊണ്ട് അഭിമാനത്തോടെ ആ യാത്രകളെ ഓർക്കുകയാണദ്ദേഹം. കഴിഞ്ഞ 30 വർഷക്കാലമായി ഓരോ കലോത്സവ വേദിയിലുമുണരുന്നത് ഉമ്മർ പണിത പന്തലുകളാണ്.

ആദ്യത്തെ പന്തൽ നെന്മാറ പൂരത്തിന്

Latest Videos

undefined

പാരമ്പര്യമായി പന്തൽ പണിയുന്നവരായിരുന്നു ഉമ്മറിന്റെ കുടുംബം. ഉപ്പയ്ക്കൊപ്പം ഉമ്മറുമിറങ്ങിയത് പന്തൽ പണിയിലേക്ക് തന്നെ. വ്യാസ കോളേജിൽ പ്രീഡിഗ്രി പഠന കാലം. പത്തുപേരടങ്ങുന്ന കുടുംബത്തിൽ സാമ്പത്തികസ്ഥിതിയൊന്നും അത്ര മെച്ചമല്ല. കൂടുതൽ പഠിക്കാനും അന്ന് കഴിഞ്ഞില്ല. വൈദ്യുതി പോലുമില്ലാത്ത വീട്. എന്നാൽ, ഉപ്പയ്‍ക്കൊപ്പം പന്തലിന്റെ പണിയിലേക്കിറങ്ങാൻ അന്ന് ഉമ്മറിന് കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. അങ്ങനെ, പതിനേഴാമത്തെ വയസിൽ സ്വന്തമായി ഒരു പന്തൽപണി ഏറ്റെടുത്തു.

പൂരത്തിന്റെ പന്തൽ സ്വന്തമായി ചെയ്യാൻ ഉമ്മറിനോട് അന്ന് പറയുന്നത് ഉപ്പയാണ്. ആ വർഷം തന്നെ തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് പന്തലിട്ടു. പിന്നാലെ ഉത്രാളിക്കാവിലേക്ക്. ആ കൊല്ലം തന്നെ പ്രശസ്തമായ പല പൂരത്തിനും ഉമ്മറിന്റെ നേതൃത്വത്തിൽ പന്തലൊരുങ്ങി. ഇന്ന് അമ്പത്തിയൊമ്പതാമത്തെ വയസിൽ തിരിഞ്ഞ് നോക്കുമ്പോഴും ആ പാതയായിരുന്നു ഏറ്റവും ശരിയെന്ന് ഉമ്മർ നെഞ്ചിൽ കൈവച്ച് പറയുന്നു. മകൻ ഹർഷാദും ഉമ്മറിന്റെ പാത പിന്തുടർന്ന് ഇന്ന് പന്തൽ പണിയിലുണ്ട്.

കലോത്സവ വേദികളൊരുക്കാനെത്തിയതിങ്ങനെ

പണ്ടുപണ്ടേ സ്കൂൾ കലോത്സവ വേദികളിലെ പന്തലുകളോട് ഇഷ്ടമുണ്ടായിരുന്നു ഉമ്മറിന്. അതുകൊണ്ട് തന്നെ കലോത്സവ വേദികളിലെ പന്തലുകൾ കൺകുളിർക്കെ കാ‌ണാനും സൂക്ഷ്മമായി നിരീക്ഷിക്കാനും ചെല്ലുന്നുണ്ടായിരുന്നു. കോട്ടയത്തുള്ളൊരു ജേക്കബ് ആണ് അന്നൊക്കെ സ്ഥിരമായി സ്കൂൾ കലോത്സവങ്ങൾക്ക് പന്തലുകളിട്ടിരുന്നത്. തുടർച്ചയായി 24 വർഷം പന്തലിട്ട ആളായിരുന്നു ജേക്കബ്.

അങ്ങനെയിരിക്കെ കേരള കലാമണ്ഡലത്തിൽ ഒരു വജ്രജൂബിലി ആഘോഷം വന്നു. അന്ന് ജേക്കബും അവിടെയുണ്ടായിരുന്നു. അതിനും യുവജനോത്സവം പോലെ വലിയ പന്തലായിരുന്നു. അങ്ങനെ, ആ പന്തൽ തനിക്ക് ചെയ്യണം എന്ന് ഉമ്മർ ബന്ധപ്പെട്ടവരോട് ആഗ്രഹം പറഞ്ഞു. എന്നാൽ ചെയ്തോ എന്ന് അനുവാദം കിട്ടിയതോടെ പണി തുടങ്ങി. പ്രധാനമന്ത്രി വന്ന പരിപാടിയായിരുന്നു അത്. പന്തൽ ഗംഭീരമായെന്ന് സർട്ടിഫിക്കറ്റും കിട്ടി. ‌ആ പന്തൽപണിയുടെ ധൈര്യവും ആത്മവിശ്വാസവുമായിട്ടാണ് സ്കൂൾ കലോത്സവത്തിനെത്തുന്നത്.

താൻ ആദ്യത്തെ സ്കൂൾ കലോത്സവത്തിന് പന്തലിട്ടത് കോഴിക്കോടാണ് എന്ന പ്രത്യേകതയും ഉമ്മർ പങ്ക് വയ്ക്കുന്നു. അത് രണ്ട് നിലകളുള്ള ഗംഭീരൻ പന്തലായിരുന്നു അത്. അന്നത്തെ ഡിഡി സുപ്രനായിരുന്നു. അദ്ദേഹം വലിയ തരത്തിൽ സഹായിച്ചു എന്നും ഉമ്മർ ഓർക്കുന്നു. തനിക്ക് ചെയ്യാൻ പറ്റുമോ എന്ന സുപ്രന്റെ ചോദ്യത്തിന് യെസ് മൂളി തുടങ്ങിയതാണ് ഉമ്മർ. ആ ആത്മവിശ്വാസം ഈ മുപ്പത് വർഷമായും ഉടഞ്ഞിട്ടില്ല. സ്കൂൾ കലോത്സവങ്ങളിൽ മുഴുവൻ ദിവസങ്ങളിലും ഉമ്മറും പണിക്കാരും കാണും.

സ്ഥിരമായി നാൽപ്പത് പേരാണ് പണിക്കാരായി ഉമ്മറിനൊപ്പമുള്ളത്. മറ്റ് പണിക്കാരെ ഓരോ പണിക്കനുസരിച്ചാണ് വിളിക്കുന്നത്. ഈ വർഷം കോൽക്കളിക്കിടെ ഗുജറാത്തി ഹാളിലെ വേദിയിൽ കുട്ടി തെന്നി വീണതിനെ കുറിച്ചും ഉമ്മർ പറയുന്നുണ്ട്. ഹാൾ വില കൂടിയ ടൈലിട്ടതായിരുന്നു. അത് കണ്ടപ്പോൾ തന്നെ കാർപ്പറ്റിട്ടാൽ ഉടക്കും എന്ന് സംഘാടകരോട് പറഞ്ഞിരുന്നു. ഇടണം എന്ന് നിർബന്ധിച്ചപ്പോൾ ഇടുകയായിരുന്നു. കുട്ടി തെന്നി വീണതിന് പിന്നാലെ അത് മാറ്റുകയും ചെയ്തുവെന്നും ഉമ്മർ പറയുന്നു.

പ്രധാനമന്ത്രിയുടെ പരിപാടി

1964 -ൽ നെഹ്റുവിന് പ്രസംഗിക്കാൻ പന്തലൊരുക്കിയ ആളാണ് ഉമ്മറിന്റെ പിതാവ്. പിന്നീട് വന്ന പ്രധാനമന്ത്രിമാരെല്ലാം ഉമ്മറൊരുക്കിയ വേദിയിൽ പ്രസംഗിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മൂന്നുവട്ടം ഉമ്മറൊരുക്കിയ പന്തലിൽ പ്രസംഗിച്ചു.

പലവട്ടം പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ പന്തലൊരുക്കിയ ആളെന്ന നിലയിൽ ആ സമയത്ത് എടുക്കേണ്ടി വരുന്ന മുൻകരുതലുകളെ കുറിച്ചും ഉമ്മർ പറയുന്നുണ്ട്. പിഡബ്യുഡിയിലെ ചീഫ് എൻജിനീയർ, പൊലീസിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ, കളക്ടർ, എസ്പിജി ഇവരുടെയെല്ലാവരുടെയും നിർദ്ദേശപ്രകാരമാണ് പന്തലൊരുക്കുന്നത്. കാൽ നാട്ടിയാൽ അതിന്റെ കുഴി പോലും പരിശോധിക്കും. എല്ലാ സുരക്ഷയും ഉറപ്പാക്കും. അത്രയും ശ്രദ്ധയോടെയാണ് പന്തൽ പണിത് തീർക്കുന്നതെന്ന് ഉമ്മർ പറയുന്നു.

എന്നാൽ, കലോത്സവം വേറൊരനുഭവമാണ് ഉമ്മറിന് സമ്മാനിക്കുന്നത്. കലോത്സവത്തിന് പന്തലൊരുക്കുന്നത് അതിനാൽ തന്നെ ഏറെയിഷ്ടവുമാണ്. കഴിയുന്ന സമയമെല്ലാം വേദിക്കരികിൽ ചെന്ന് കുട്ടികളുടെ പ്രകടനങ്ങൾ ആസ്വദിക്കാനും ഉമ്മർ ശ്രമിക്കാറുണ്ട്. ഇപ്പോൾ വേദിയൊന്നിൽ നടക്കുന്ന കുച്ചുപ്പുഡി കാണവേ താനൊരു കലാസ്വാദകൻ കൂടിയാണ് എന്നും ഉമ്മർ പറയുന്നു. 

കലോത്സവം മൂന്നാം ദിനം, മുന്നിൽ കണ്ണൂർ, തൊട്ടുപിന്നിൽ കോഴിക്കോട്; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

click me!