ചേലക്കരയിൽ പാറിപ്പറന്ന് ചെങ്കൊടി, ഭരണവിരുദ്ധ വികാരമില്ലെന്ന് ഇടത് പക്ഷം; പിണറായി 3.0 പ്രചാരണത്തിന് തുടക്കം

By Web Team  |  First Published Nov 23, 2024, 8:40 PM IST

ചേലക്കരയിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം കൂടി എന്ന് മാത്രമല്ല, മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന പ്രചാരണത്തിന് കൂടി ഇടത് കേന്ദ്രങ്ങൾ തുടക്കമിട്ടു.


തിരുവനന്തപുരം: വിവാദക്കൊടുങ്കാറ്റുകളെ അതിജീവിച്ചുള്ള ചേലക്കരയിലെ വിജയത്തിലൂടെ സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം കൂടി എന്ന് മാത്രമല്ല, മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന പ്രചാരണത്തിന് കൂടി ഇടത് കേന്ദ്രങ്ങൾ തുടക്കമിട്ടു.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഉരകല്ലിരിക്കുന്നത് ചേലക്കരയിലെന്നായിരുന്നു സര്‍ക്കാരിനേയും ഭരണമുന്നണിയേയും നോക്കി പ്രതിപക്ഷം പറഞ്ഞിരുന്നത്. സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും പൊതുവേയും പിണറായി വിജയൻ പ്രതിസ്ഥാനത്തും നിൽക്കുന്ന ഭരണവിരുദ്ധ ഇടതുവിരുദ്ധ പ്രചാരണങ്ങൾ ഒരു വശത്ത്. തെരഞ്ഞെടുപ്പ് കളം സജീവമായപ്പോൾ തന്നെ ആളിപ്പടര്‍ന്ന എഡിഎം ആത്മഹത്യ വിവാദം. പാലക്കാട്ടെ കാലുമാറ്റ സ്ഥാനാര്‍ത്ഥിത്വം മുതൽ പ്രചാരണ നയസമീപനങ്ങളിലെടുത്ത വിവാദ നിലപാടുകളും മാത്രമല്ല ഇപി ജയരാജന്റെ ആത്മകഥാ വിവാദം വരെ കണക്കറ്റ് കത്തി. ആര് ജയിച്ചാലും ചേലക്കരയിൽ ഭൂരിപക്ഷം മൂവായിരം കടക്കില്ലെന്ന് വരെയായി പ്രവചനം. എന്നാൽ, പന്ത്രണ്ടായിരത്തിലേറെ ഭൂരിപക്ഷത്തിലെ പ്രദീപിൻ്റെ ജയം സിപിഎമ്മിന് നൽകുന്നത് വലിയ ഊർജ്ജമാണ്.

Latest Videos

undefined

Also Read: ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി; ചേലക്കരയിലേത് മിന്നും ജയം, പാലക്കാട് വർഗീയതക്കെതിരായ വോട്ടുകൾ ലഭിച്ചു

ചേലക്കരയിൽ തോറ്റെങ്കിൽ പിണറായി വിജയൻ സർക്കാറിന് പിടിച്ചു നിൽക്കാൻ പോലുമാകാത്ത സ്ഥിതിയായേനെ. കെ രാധാകൃഷ്ണനെ ലോക്സഭായിലേക്ക് അയച്ച തീരുമാനം വരെ തെറ്റിയെന്ന പഴി കൂടി കേൾക്കേണ്ട അവസ്ഥയും ഉണ്ടാകുമായിരുന്നു. പാര്‍ട്ടി നേരിടുന്ന പല പ്രതിസന്ധികൾക്കുമുള്ള ഒറ്റ പരിഹാരമായി മാറി ചേലക്കരയിൽ ഉയർന്ന ചെങ്കോടി. പ്രായപരിധി പ്രശ്നമുണ്ടെങ്കിലും ചേലക്കര ഫലത്തിന് ശേഷം ഇടത് കേന്ദ്രങ്ങളില്‍ പിണറായി 3.0 ക്ക് തുടക്കമായി.

Also Read: പാലക്കാടൻ കോട്ട കാത്ത് രാഹുൽ, കന്നിയങ്കത്തിൽ പ്രിയങ്കയെ നെഞ്ചേറ്റി വയനാട്; ചേലക്കരയിൽ പ്രദീപിന് മിന്നും ജയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!