രണ്ട് ലക്ഷം രൂപ പണം നിക്ഷേപം സ്വീകരിച്ച് അത് മെച്വർ ആയിട്ടും പണം തിരികെ നൽകുന്നിലെന്നാണ് പരാതി.
തൃശൂർ : തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയ്ക്കെതിരെ കേസ്. കമ്പനി ഉടമ പ്രവീൺ റാണയെ പ്രതിയാക്കി തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പന്ത്രണ്ട് ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയെന്നാണ് പീച്ചി സ്വദേശിനി ഹണിയുടെ പരാതി. മൂന്നു പേർ കൂടി ഈസ്റ്റ് സ്‌റ്റേഷനിൽ പരാതി നൽകി. മൊഴിയടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പുമായി ബന്ധപ്പെട്ട പരമ്പര ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ നൽകിയിരുന്നു. 12 ശതമാനം പലിശ വാഗ്ദാനം നൽകി കോടികൾ തട്ടിയെന്നതാണ് ഇയാൾക്കെതിരായ കേസ്. രണ്ട് ലക്ഷം രൂപ പണം നിക്ഷേപം സ്വീകരിച്ച് അത് മെച്വർ ആയിട്ടും പണം തിരികെ നൽകുന്നിലെന്നാണ് പരാതി. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇഉയാൾക്കെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
പൊതുസമൂഹത്തിൽ സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്‍റെ മറവിലാണ് തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീൺ റാണ നൂറുകണക്കിന് ഇടപാടുകാരെ ആകർഷിച്ചത്. എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീൺ റാണ ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്.
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനുളള വൈഡൂര്യമാണ് താൻ. ലോകോത്തര പദ്ധതികളിലൂടെ 2029നുളളിൽ ഇന്ത്യയിലെ ഒന്നാം നമ്പർ വ്യവസായി ആയി താൻ മറും. അതിന്‍റെ പ്രയോജനം നിക്ഷേപർക്കുണ്ടാകും, ഇങ്ങനെ പോകുന്നു റാണയുടെ സ്വയം പ്രഖ്യാപനങ്ങൾ. ഇതൊക്കെ കേട്ട് കോരിത്തരിച്ചാണ് നൂറുകണക്കിന് നിക്ഷേപകർ കോടികൾ നിക്ഷേപിച്ചത്. ഇദ്ദേഹത്തെ വിശ്വ പൗരനായി അവതരിപ്പിക്കാൻ ചില ജീവനക്കാർ പ്രവീൺ റാണയുടെ ചിത്രം ദേഹത്ത് പച്ചകുത്തി. അത്യാഡംബര വാഹനങ്ങളിൽ മിന്നിമറഞ്ഞ റാണ നിക്ഷേപകർക്കുമുന്നിൽ സൂപ്പർ താരമായി.
പ്രതിവർഷം 48 ശതമാനം വരെ അവിശ്വസനീയമായ പലിശ വാഗ്ദാനം ചെയ്താണ് തൃശ്ശൂരിലെ സേഫ് ആന്റ് സ്ട്രോങ് എന്ന സാമ്പത്തിക സ്ഥാപനം ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്നായി കോടികൾ പിരിച്ചെടുത്തത്. സ്ഥാപനത്തിന്‍റെ നിധി കമ്പനിയിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുമ്പോൾ സേഫ് ആന്റ് സ്ട്രോങ് കൺസൾട്ടൻറ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു രാജ്യത്തെ സാമ്പത്തിക നിയമങ്ങളുടെ കണ്ണു വെട്ടിക്കാനുളള ആസൂത്രിത നീക്കം.
ഡോ. പ്രവീൺ റാണ എന്ന പ്രവീൺ കെ.പി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സേഫ് ആന്റ് സ്ട്രോങ് നിധി കമ്പനിക്ക് കേന്ദ്ര സർക്കാരിന്‍റെ പിടി വീണതോടെയാണ് നിക്ഷേപത്തിന്റെ തന്ത്രം മാറ്റിപ്പിടിച്ചത്. മോഹന വാഗ്ദാനങ്ങൾ മുന്നോട്ടുവച്ച് സേഫ് ആന്റ് സ്ട്രോങ് കൾസൾട്ടൻസി ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനമുണ്ടാക്കി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 3,250 രൂപ റിട്ടേൺ നൽകും. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. അതായത് 39 ശതമാനം പലിശ. പത്തുലക്ഷം നിക്ഷേപിച്ച ചിലർക്ക് നാലു ലക്ഷത്തിന് മുകളിൽ വരെ പ്രതിവർഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ മയങ്ങിയാണ് പലരും പണവുമായെത്തിയത്.