പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്‌മസ് ആഘോഷവുമായി ബന്ധപ്പെട്ട പരിപാടി തടഞ്ഞ ചാവക്കാട് എസ്ഐ അവധിയിൽ പ്രവേശിച്ചു
തൃശൂർ: പാലയൂർ സെന്റ് തോമസ് പള്ളിയിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയിൽ പ്രവേശിച്ചു. തൃശൂർ ചാവക്കാട് എസ്.ഐ വിജിത്താണ് തൻ്റെ നടപടി വലിയ വിവാദമായതോടെ അവധിയിൽ പ്രവേശിച്ചത്. ശനിയാഴ്ച മുതൽ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്. സിപിഎം അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് വിജിത്ത് അവധിയിൽ പോയത്. ചാവക്കാട് പാലയൂർ പള്ളിയിൽ കാരൾ ഗാനാലാപനം മൈക്കിൽ നടത്തുന്നതാണ് എസ്.ഐ തടഞ്ഞിരുന്നു.
മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് എസ്ഐ പരിപാടി തടഞ്ഞത്. തിരുകർമ്മങ്ങൾക്ക് മുന്നോടിയായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ എല്ലാ കൊല്ലവും കാരൾ ഗാനങ്ങൾ ഇടവക അംഗങ്ങൾ അവതരിപ്പിച്ചിരുന്നു. ഇത്തവണയും അതിനായി സ്റ്റേജ് കെട്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. മാർ തട്ടിലിനെ സ്വീകരിക്കുന്നതിന് ഇടവക അംഗങ്ങൾ ഗേറ്റിനോടടുത്ത് നിൽക്കുന്ന സമയത്തായിരുന്നു പള്ളി അങ്കണത്തിൽ ഉച്ചഭാഷിണി അനുവദിക്കാനാവില്ലെന്ന് ചാവക്കാട് എസ്.ഐ വിജിത്ത് പള്ളി അധികൃതരോട് പറഞ്ഞത്. കാരൾ ഗാനത്തിനായി പള്ളി മുറ്റത്തെ വേദിയിൽ ഒരുക്കിയ നക്ഷത്രങ്ങൾ ഉൾപ്പെടെ എല്ലാം തൂക്കിയെറിയുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ ആരോപിച്ചിരുന്നു.
undefined
പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു പോയതിന് പിന്നാലെ കാരൾ ഗാന പരിപാടി ഉപേക്ഷിച്ചതായി ഇടവക ട്രസ്റ്റി അംഗങ്ങൾ അറിയിച്ചു. പള്ളിയങ്കണത്തിന് പുറത്തേക്ക് പ്രദക്ഷിണമായി പോകുന്നതിനാണ് സാധാരണ മൈക്ക് പെർമിഷൻ എടുക്കാറുള്ളതെന്നും ഇടവക അംഗങ്ങൾ പറഞ്ഞു. പരാതിയുമായി മുന്നോട്ടു പോകുന്നത് പള്ളി കമ്മിറ്റി കൂടി തീരുമാനിക്കും.