മരത്തിന്റെ ഡിഎൻഎ പരിശോധന, മരത്തിന് പഴക്കം 500 വര്‍ഷത്തിലേറെ, അത്യപൂര്‍വ്വതകൾ ഏറെയുണ്ട് മുട്ടിൽ മരംമുറി കേസിൽ

By Vijayan Tirur  |  First Published Dec 4, 2023, 8:28 PM IST

കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികള്‍ക്ക് മരംമുറി സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളുമെല്ലാം അറിഞ്ഞിരിക്കെ തന്നെയാണ് നിയമലംഘനം നടത്തിയിട്ടുള്ളതെക്രിമിനല്‍കേസില്‍ മരത്തിന്റെ ഡിഎന്‍എ പരിശോധന രാജ്യത്ത് ആദ്യം; അഞ്ച് നൂറ്റാണ്ടിലധികം പഴക്കമുള്ള മരങ്ങള്‍ കടത്തിയതും അപൂര്‍വ്വംന്ന് അന്വേഷണ സംഘത്തലവന്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.


സുല്‍ത്താന്‍ബത്തേരി: വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ രണ്ടര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് തന്നെ ഒരു ക്രിമിനല്‍ കേസില്‍ മരത്തിന്റെ ഡി എന്‍ എ പരിശോധനഫലം നിര്‍ണായകമായേക്കാവുന്ന ആദ്യ കേസായിരിക്കും മുട്ടില്‍ മരംമുറി കേസ്. 2020-ല്‍ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവില്‍ 574 വര്‍ഷം വരെ പഴക്കമുള്ള വീട്ടിമരങ്ങള്‍ അടക്കം മുറിച്ചു കടത്തിയെന്നത് കേസിന് അതീവ ഗൗരവം കൈവരുത്തുന്നതായി. 

കേസില്‍ ഉള്‍പ്പെട്ട പ്രധാന പ്രതികള്‍ക്ക് മരംമുറി സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളുമെല്ലാം അറിഞ്ഞിരിക്കെ തന്നെയാണ് നിയമലംഘനം നടത്തിയിട്ടുള്ളതെന്ന് അന്വേഷണ സംഘത്തലവന്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രതികള്‍ക്കെതിരെ ലഭിച്ച നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് വിവരം. സര്‍ക്കാരില്‍ നിക്ഷിപ്തമായ കോടികള്‍ വില വരുന്ന മരങ്ങള്‍ മുറിച്ചു കടത്താന്‍ വ്യാജരേഖയുണ്ടാക്കിയെന്നത് അതീവ ഗൗരവത്തോടെയാണ് പൊലീസ് അന്വേഷിച്ചത്. ആദിവാസി ഉള്‍പ്പെടെ ഭൂവുടമകള്‍ മരം മുറിക്കാന്‍ സമ്മതിച്ച് എഴുതി നല്‍കിയെന്ന് കാണിച്ച് ഏതാനും കത്തുകള്‍ പ്രതികള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചത് വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയതും കേസില്‍ നിര്‍ണായകമായിരിക്കും. 

Latest Videos

undefined

മുഖ്യപ്രതി റോജി അഗസ്റ്റിന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയവയായിരുന്നു കത്തുകളെന്ന് ഫോറന്‍സിക് പരിശോധനയില്‍ പിന്നീട് കണ്ടെത്തി. ഇത്തരത്തില്‍ ഏഴ് കത്തുകളായിരുന്നു റോജി ഹാജരാക്കിയിരുന്നത്. കോടികള്‍ മോഹവിലയുള്ള ചന്ദനം ഒഴികെയുള്ള വിവിധ ഇനങ്ങളില്‍പ്പെട്ട 104 മരങ്ങള്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ മുട്ടിലില്‍ നിന്ന് മുറിച്ച് കടത്തി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 2020 ഒക്ടോബര്‍ 24ന് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് പുറപ്പെടുവിച്ച വിവാദ ഉത്തരവില്‍ ചന്ദനമൊഴികെയുള്ള എല്ലാ രാജകീയ മരങ്ങളും കര്‍ഷകര്‍ക്ക് മുറിക്കാം എന്നതായിരുന്നു. ഇതോടെ മരക്കച്ചവടക്കാരും ഇടനിലക്കാരും വ്യാപകമായി എത്തി വീട്ടി, തേക്ക്, എബണി തുടങ്ങിയ മരങ്ങള്‍ ഭൂവുടമകളില്‍ നിന്ന് തുച്ഛവിലക്ക് സ്വന്തമാക്കി മുറിച്ചു കടത്തുകയായിരുന്നു.

മൂന്ന് മാസത്തിന് ശേഷം ഉത്തരവ് പിന്‍വലിച്ചെങ്കിലും ഒരു കാലത്തും ഭൂവുടമക്ക് ഉടമസ്ഥത ലഭിക്കാത്ത രാജകീയ മരങ്ങളൊക്കെ വ്യാപകമായി മുറിച്ചുകടത്തി കഴിഞ്ഞിരുന്നു. കേരളത്തിലാകെ മരംമുറി നടന്നെങ്കിലും മുട്ടില്‍ പഞ്ചായത്തില്‍ നടന്നത് സമാനതകളില്ലാത്ത മരംകൊള്ളയായിരുന്നു. മരംമുറി വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പലവിധ ഇടപെടലുകളും നടന്ന കേസായിരുന്നിട്ട് കൂടി വര്‍ഷങ്ങള്‍ക്ക് ശേഷം 84600 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ വലിയൊരു ഉത്തരവാദിത്തം കൂടിയാണ് പൂര്‍ത്തിയാക്കിയത്.

 900 രേഖകളുടെ പിന്‍ബലവും 420 സാക്ഷികളും ഒക്കെയുള്ള കുറ്റപത്രത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, വ്യാജരേഖ ചമക്കല്‍, ഗൂഢാലോചന, വഞ്ചന എന്നിവയാണ് പ്രധാന കുറ്റങ്ങളായി എടുത്തുകാട്ടിയിട്ടുള്ളത്. ആദിവാസികള്‍ ഉള്‍പ്പെടെ 28 പേരെ ഒഴിവാക്കിയപ്പോള്‍ 12 പ്രതികളാണ് കേസില്‍ ഉള്ളത്. ഒന്നാം പ്രതി എന്നതില്ലെങ്കിലും റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന പ്രതികളായിരിക്കുമെന്ന് കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ എസ് പി വി വി ബെന്നി വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ രണ്ട് പേരും പ്രതിപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വിലേജ് ഓഫീസറായിരുന്ന കെ.കെ. അജി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരാണ് അവര്‍.

84,600 പേജുള്ള കുറ്റപത്രം, 420 സാക്ഷികൾ, 900 രേഖകൾ; മുട്ടിൽ മരംമുറിക്കേസിൽ അഗസ്റ്റിൻ സഹോദരൻമാരടക്കം 12 പ്രതികൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!