ദൈവനാമത്തിൽ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ, 'സോളാർ' ഗൂഢാലോചനയിൽ സഭയിൽ അടിയന്തരപ്രമേയം 

By Web Team  |  First Published Sep 11, 2023, 11:01 AM IST

ഗ്രൂപ്പ് ഫോട്ടോ ചില അംഗങ്ങളുടെ അസൗകര്യം കാരണം പിന്നീട് നടത്താനായി മാറ്റിയെന്ന് സ്പീക്കർ അറിയിച്ചു.


തിരുവനന്തപുരം : പുതുപ്പള്ളിയിൽ മിന്നും വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിയോടെയായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ. അതിരാവിലെ പുതുപ്പള്ളി ഹൗസിൽ നിന്നും വിവിധ ആരാധനാലയങ്ങളിലെത്തി പ്രാർത്ഥന നടത്തിയാണ് ചാണ്ടി നിയമസഭയിലേക്കെത്തിയത്. ഡസ്കിൽ കയ്യടിച്ചായിരുന്നു പ്രതിപക്ഷം ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ സ്വീകരിച്ചത്. 

ഉമ്മൻചാണ്ടിയുടെ പേന കരുതലോർമ്മയായി അമ്മ മറിയാമ്മ ചാണ്ടി ഉമ്മന് നൽകി. അപ്പയുടെ ഛായാചിത്രത്തിൽ കൈകൂപ്പി പ്രാർത്ഥന നടത്തിയ ശേഷം, ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചു. ആറ്റുകാലിലും സന്ദർശനം നടത്തി. അവിടെ നിന്നും സ്പെൻസർ ജംഗ്ഷനിലെ സെന്റ് ജോർജ്  ഓർത്തഡോക്സ് സിറിയൻ കത്രീഡലിലെത്തി പ്രാർത്ഥിച്ചു. പാളയം പള്ളിയിൽ കാണിക്കയുമിട്ട ശേഷം  നിയമസഭ കോംപ്ലക്സിലെത്തി. പ്രതിപക്ഷ നേതാവിനെയും സ്പീക്കറെയും കണ്ട ശേഷം പത്തുമണിയോടെ ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്ത് എംഎൽഎയായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷ നേതാക്കൾക്കും ഹസ്തദാനം നൽകി ചാണ്ടി ഇരിപ്പിടത്തിലേക്ക്. 

Latest Videos

സോളാര്‍ ഗൂഢാലോചന വിവാദം : നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും

സോളാര്‍ ഗൂഢാലോചന വിവാദം ഇന്ന് നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ അഭിപ്രായം പറയാനാവില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. സിബിഐ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒദ്യോഗിക രേഖയൊന്നും സർക്കാരിന്‍റെ  പക്കൽ ഇല്ല എങ്കിലും , അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചക്ക് 1 മണിക്കാണ് സഭ ഈ വിഷയം ചര്‍ച്ച ചെയ്യുക

'ഇഡി വിളിച്ചതിനാൽ വന്നു', കരുവന്നൂർ കേസിൽ എ സി മൊയ്തീൻ അടക്കം സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ

 

asianet news

 

 

click me!