വൈദ്യുതി സ്മാര്‍ട്ട്മീറ്റര്‍:'ഒന്നാംഘട്ടം ഈമാസം പൂര്‍ത്തിയാക്കണം, വൈകിയാല്‍ മുന്‍കൂര്‍ സഹായം തിരിച്ചടക്കണം'

By Web Team  |  First Published Dec 11, 2022, 9:34 PM IST

പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോര്‍ട്ട് ഈ മാസം 15ന് സമര്‍പ്പിക്കാനും കേരളത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ  നിര്‍ദേശം. നിലവിലെ രീതിയിൽ സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിൽ എതിർപ്പ് ശക്തമാക്കി യൂണിയനുകൾ രംഗത്ത് 


തിരുവനന്തപുരം:സ്മാര്‍ട്ട് മീറ്ററില്‍ സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെഎസ്ഇബിക്ക് നല്‍കിയ കോടികളുടെ സഹായ ധനം തിരിച്ചടക്കേണ്ടിവരുമെന്ന് ഊര്‍ജ മന്ത്രാലയം. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോര്‍ട്ട് ഈ മാസം 15ന് സമര്‍പ്പിക്കാനും നിര്‍ദേശം നൽകി. അതേസമയം നിലവിലെ രീതിയിൽ സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിൽ എതിർപ്പ് ശക്തമാക്കി യൂണിയനുകൾ രംഗത്ത് വന്നു. 

Latest Videos

വിതരണ നഷ്ടം കുറയ്ക്കാനും ആധുനിക വത്കരണത്തിനും സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുമായി ഉദ്ദേശം 12,200 കോടിരൂപയുടെ കേന്ദ്രാനുമതിയാണ് കേരളത്തിനുള്ളത്. വിതരണ രംഗത്തെ നഷ്ടം നികത്താനായി മാത്രം 2235.78 കോടിയുടെ അനുമതിയുണ്ട്. വിതരണ ശൃംഖല പുനസംഘടനാ പദ്ധതി പ്രകാരം ഇതില്‍ 60 ശതമാനം വരെ കേന്ദ്ര സഹായം ലഭിക്കും. ഗ്രാന്‍ഡിന്‍റെ  ആദ്യ ഗഡു ലഭിക്കണമെങ്കില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രവൃത്തികളുടെ ഒന്നാം ഘട്ടം  ഈ മാസം അവസാനത്തോടുകൂടി പൂര്‍ത്തിയാക്കണം എന്നാണ് ഊർജ്ജമന്ത്രാലയം പറയുന്നത്. ഇല്ലെങ്കിൽ മുന്‍കൂര്‍ ആയി ലഭിച്ച 67 കോടി രൂപ തിരിച്ച് നല്‍കേണ്ടി വരും. വൈദ്യുതി വിതരണ മേഖലയിലെ നവീകരണത്തിനടക്കമുള്ള ബാക്കി തുകയും തടസ്സപ്പെടും. എന്നാൽ ഉപഭോക്താക്കൾക്കുമേൽ 9,000 കോടി രൂപയുടെ അധിക ഭാരംകൊണ്ടുവരുന്ന സ്മാർട്ട് മീറ്റർ പദ്ധതിയിലെ നിലവിലെ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നാണ് സിഐടിയു അടക്കം കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുടെ നിലപാട്. 15% മാത്രം കേന്ദ്ര സഹായംകിട്ടുന്ന സ്മാർട്ട് മീറ്റർ പദ്ധതിയുമായി മറ്റ് പദ്ധതികൾ കൂട്ടിക്കുഴയ്ക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്നും ആരോപിക്കുന്നു.

 

നിലവിലെ ഏജൻസിയായ ആർഇസിയിൽ നിന്ന് സ്മാർട്ട് മീറ്ററുകൾ വാങ്ങുന്നതിന് പകരം പുറമെ നിന്ന് മീറ്റർ മാത്രം വാങ്ങി സോഫ്റ്റ്വെയർ കെഎസ്ഇബി സ്വയം നിർമിക്കണമെന്നാണ് യൂണിയനുകൾ പറയുന്നത്.ഇങ്ങനെ ചെയ്ത് കെ-ഫോൺ വഴി നെറ്റ് വര്‍ക്കിംഗ് കൂടി നടപ്പാക്കിയാൽ നിലവിലേതിന്‍റെ  നാലിലൊന്ന് ചെലവേ വരൂ എന്നും പറയുന്നു.ഇത്തരം ഒരു സാധ്യത ആരായാതെ തിരക്കിട്ട്  സ്മാർട്ട് മീറ്റ‍‍‍ർ സ്ഥാപിക്കുന്നതിന് പിന്നിൽ ചിലരുടെ സ്ഥാപിത താത്പര്യമാമെന്നും ആരോപിക്കുന്നു

click me!