ഇയാളുടെ കൊവിഡ് ബാധിതനായ പിതാവിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഹോം ക്വാറന്റൈന്‍ പാലിക്കാതെ കറഞ്ഞി നടന്നതിനും വിവരങ്ങൾ മറച്ചുവച്ചതിനുമായികുന്നു കേസ്.
കാസർകോട്: കൊവിഡ് നിരീക്ഷണം ലംഘിച്ചതിന് കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയുടെ മകനാണ് അറസ്റ്റിലായത്. വിവരങ്ങൾ മറച്ചുവച്ചതിന് നേരത്തെ കൊവിഡ് ബാധിതനെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ഹോം ക്വാറന്റൈന്‍ പാലിക്കാതെ കറഞ്ഞി നടന്നതിനും കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന് നൽകാത്തതിനുമാണ് പിതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരുന്നു പതിനൊന്നിന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത് മുതൽ 19 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വരേയുള്ള റൂട്ട് മാപ്പാണ് പുറത്തിറക്കിയത്.
രണ്ട് കല്യാണ സത്കാരങ്ങൾ, കുട്ടിയുടെ ജന്മവുമായി ബന്ധപ്പെട്ട ആഘോഷം, ഫുട്ബോൾ മത്സരങ്ങൾ, ഗൃഹപ്രവേശം അടക്കം ഇയാൾ പങ്കെടുത്ത പരിപാടികൾ ഏറെയാണ്. 16 ന് സ്വകാര്യ ആശുപത്രിയിലും. 17 ന് ജനറൽ ആശുപത്രിയിലും ഇയാൾ എത്തിയിരുന്നു. പിന്നീട് 19ന് ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നത് വരെ സഹോദരന്റെ വീട്ടിൽ തങ്ങിയെന്നാണ് റൂട്ട് മാപ്പിലുള്ളത്. രോഗി സഹകരിക്കുന്നില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.