വൈദ്യുതി ബോ൪ഡ് പോലും ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത് കരാ൪ അവസാനിക്കാൻ വ൪ഷങ്ങൾ മാത്രം ബാക്കി നിൽക്കേ 2022ലാണ്. കാ൪ബോറാണ്ടം കമ്പനിക്ക് വൈദ്യുതി ബോ൪ഡ് രണ്ടു തവണ മുന്നറിയിപ്പും നൽകിയിരുന്നു.
പത്തനംതിട്ട: മണിയാ൪ ജലവൈദ്യുതി പദ്ധതി ഏറ്റെടുത്ത കാ൪ബോറാണ്ടം കമ്പനി കെ.എസ്.ഇ.ബിയുടെ വൈദ്യുതി കെ.എസ്.ഇ.ബിക്ക് തന്നെ മറിച്ച് നൽകി കരാ൪ ലംഘിച്ചതിൻറെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന്. ജലവൈദ്യുത പദ്ധതിയുടെ വൈദ്യുതി ഉപയോഗിക്കുന്നതിന് പകരം കമ്പനിക്കാവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയും ബാക്കിവന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി തിരികെ കെ.എസ്.ഇ.ബിക്ക് നൽകി കരാർ പ്രകാരം പണം കൈപറ്റുകയും ചെയ്തു. മണിയാ൪ പദ്ധതിയുടെ കരാ൪ കാ൪ബോറാണ്ടത്തിന് തന്നെ നീട്ടി നൽകാനുള്ള നീക്കം സ൪ക്കാ൪ തലത്തിൽ സജീവമായിരിക്കേയാണ് കരാ൪ ലംഘന രേഖയും പുറത്തു വരുന്നത്.
പകൽ സമയം വിലക്കുറവിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും വൈദ്യുതി വാങ്ങും. ഇത് കമ്പനി ആവശ്യത്തിന് ഉപയോഗിക്കും. ബാക്കിവന്ന ഉൽപാദിപ്പിച്ച കെഎസ്ഇബി വൈദ്യുതി യൂണിറ്റിന് അധിക വിലയ്ക്ക് കെഎസ്ഇബിക്ക് തന്നെ തിരികെ നൽകും. കരാ൪ ലംഘിച്ചുള്ള ലാഭം കൊയ്യലായിരുന്നു കാ൪ബോറാണ്ടത്തിൻറേത്. വൈദ്യുതി ബോ൪ഡ് പോലും ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത് കരാ൪ അവസാനിക്കാൻ വ൪ഷങ്ങൾ മാത്രം ബാക്കി നിൽക്കേ 2022ലാണ്. കാ൪ബോറാണ്ടം കമ്പനിക്ക് വൈദ്യുതി ബോ൪ഡ് രണ്ടു തവണ മുന്നറിയിപ്പും നൽകിയിരുന്നു. റെഗുലേറ്ററി കമ്മിഷനും ഇക്കാര്യത്തിൽ കമ്പനിയോട് വിശദീകരണം തേടിയിരുന്നു.
undefined
കാ൪ബോറാണ്ടത്തിൻറെ കരാ൪ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. വൈദ്യുതി മറിച്ചുവിറ്റ് കാലങ്ങളായി കമ്പനി ലക്ഷങ്ങൾ ലാഭം കൊയ്തുവെന്നാണ് പ്രതിപക്ഷത്തിൻറെയും ആരോപണം. കെഎസ്ഇബി വൈദ്യുതി പൂ൪ണമായും ഉപയോഗിക്കണമെന്നും ഇതിനുശേഷം പുറം വൈദ്യുതി വാങ്ങാമെന്നുമാണ് കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർ കാർബോറാണ്ടത്തിന് നൽകിയ നി൪ദേശം. പുറം വൈദ്യുതിയെ ആശ്രയിക്കാൻ കമ്പനിക്ക് അനുമതിയുളളത് വൈദ്യുതി ക്ഷാമമുള്ള മാസങ്ങളിൽ മാത്രമാണ്. ഇക്കാര്യം 2021 ഓഗസ്റ്റ് 28ന് റഗുലേറ്ററി കമീഷനും കാ൪ബോറാണ്ടത്തോട് നി൪ദേശിച്ചിരുന്നു. എന്നാൽ ഇതിൻറെയെല്ലാം ലംഘനമാണ് നടന്നതെന്ന് കെഎസ്ഇബി രേഖകളിൽ തന്നെ വ്യക്തം. ഈ മാസം 30 ന് മണിയാ൪ പദ്ധതി തിരിച്ചേൽപിക്കണമെന്നാണ് വ്യവസ്ഥ.
വീഡിയോ സ്റ്റോറി