നാട്ടാനകളുടെ അനധികൃത കൈമാറ്റത്തില്‍ കര്‍ശന നടപടി: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

By Web Team  |  First Published Sep 4, 2019, 9:54 PM IST

കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത്  മരണപ്പെട്ട 50 ലധികം ആനകളിലേറെയും ഇത്തരം കൈമാറ്റങ്ങള്‍ക്ക് വിധേയമായിരുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് നിയമനടപടികള്‍ കര്‍ക്കശമാക്കുന്നത്


ഇടുക്കി: നാട്ടാനകളുടെ  അനധികൃത കൈമാറ്റത്തില്‍  കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍. നാട്ടാനകളുടെ കച്ചവടവും കൈമാറ്റവും വനംവകുപ്പിന്റെ അനുമതിയോടെയും മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടും വേണമെന്നും ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. 

അടുത്ത കാലത്തായി ആനകളുടെ കൈമാറ്റവും വില്‍പനയും വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആനകളുടെ അനധികൃത കൈമാറ്റവും പാട്ടത്തിന് നല്‍കലും അവയുടെ ജീവഹാനിക്കു കാരണമാകുന്ന വിധത്തിൽ ദുരുപയോഗത്തിനു കാരണമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത്  മരണപ്പെട്ടത് 50 ലധികം ആനകളാണ്. ഇതിലേറെയും ഇത്തരം കൈമാറ്റങ്ങള്‍ക്ക് വിധേയമായിരുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  രജിസ്റ്റര്‍ ചെയ്ത ജില്ലയില്‍ നിന്ന് ആനകളെ പുറത്തേക്ക്  കൊണ്ടുപോകുന്ന സാഹചര്യങ്ങളില്‍, എന്താവശ്യത്തിന്, എത്ര ദിവസത്തേക്ക്, എവിടേക്ക് കൊണ്ടുപോകുന്നു എന്നീ കാര്യങ്ങൾ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ ഉടമ അറയിക്കണം.

ഒറ്റത്തവണയായി പതിനഞ്ചു ദിവസത്തില്‍ കൂടുതല്‍ സ്വന്തം ജില്ല വിട്ട് ആനകളെ മാറ്റി പാര്‍പ്പിക്കാന്‍ പാടില്ല. 15 ദിവസത്തിലധികം മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യങ്ങളില്‍  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുകയും അവയ്ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്നും അദ്ദേഹം അറിയിച്ചു.

click me!