ലോറി രണ്ട് കേബിളുകൾ പൊട്ടിച്ചാണ് അതിവേഗത്തിൽ മുന്നോട്ട് പോയതെന്ന് തുളസീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി പരിക്കേറ്റ സന്ധ്യയുടെ ഭർത്താവ് തുളസീധരൻ. ലോറി രണ്ട് കേബിളുകൾ പൊട്ടിച്ചാണ് അതിവേഗത്തിൽ മുന്നോട്ട് പോയതെന്ന് തുളസീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആദ്യം കേബിൾ പൊട്ടിയിട്ടും ലോറി നിർത്തിയില്ല. കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ കിട്ടിയില്ലെന്നും ഭാര്യയുടെ ജീവൻ നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നും തുളസീധരൻ വ്യക്തമാക്കി. ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നു. കേബിൾ പൊട്ടി വീണ് വണ്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തുളസീധരൻ പറയുന്നു.
undefined
ലോറി ഉയരത്തിലാണ് തടി കയറ്റിക്കൊണ്ടുവന്നത്. കേബിൾ പൊട്ടിച്ചു കൊണ്ടാണ് ലോറി വന്നതെന്ന് സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാൾ വ്യക്തമാക്കി. പിന്നിൽ നിന്ന് ഹോണടിച്ചിട്ടും ലോറി നിർത്തിയില്ലെന്നും പിന്നീട് ലോറി നിർത്തി ഡ്രൈവർ കുടുങ്ങിയ കേബിൾ മുറിച്ചുമാറ്റുന്നതാണ് കണ്ടതെന്നും ഇദ്ദേഹം വ്യക്തമാക്കി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കെ ഫോണിന്റെ കേബിൾ ആണ് ലോറിയിൽ കുരുങ്ങിയത്. കേബിളില്‍ കുരുങ്ങിയ സ്കൂട്ടർ ഉയർന്നു പൊങ്ങി സന്ധ്യയുടെ ദേഹത്തേക്ക് വീണ് പരിക്കേൽക്കുകയായിരുന്നു. സന്ധ്യയുടെ തോളെല്ലിന് പൊട്ടലുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുകയാണ് സന്ധ്യ. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.