രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു.
കണ്ണൂര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി രഘുനാഥ്. ഇനിയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് കടിച്ചുതൂങ്ങുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. രാജിവെച്ചില്ലെങ്കില്‍ മുല്ലപ്പള്ളിയെ പുറത്താക്കണമെന്നും കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നും രഘുനാഥ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വിക്ക് പിന്നാലെ കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് മേല്‍ ഒരു വിഭാഗം ശക്തമാക്കുകയാണ്. മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെയോ, കെ മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടപ്പാക്കിയത് മുഴുവന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശങ്ങളായിരുന്നുവെന്നും, സ്ഥാനാര്‍ത്ഥി പട്ടിക പോലും രാഹുലിന്‍റെ മേല്‍നോട്ടത്തിലാണ് തയ്യാറാക്കിയതെന്നുമാണ് മറുവാദം.
എല്ലാ പഴുതുകളുമടച്ച് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിലേക്ക് എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്‍റെ ധാരണ. കേരളത്തിലെ ജയത്തോടെ ദേശീയ തലത്തില്‍ ഒരു തിരിച്ചുവരവിന് നാന്ദി കുറിക്കാമെന്നും നേതാക്കള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ജയസാധ്യതയുള്ളിടത്ത് പോലും ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി നേതൃത്വത്തെ അമ്പരപ്പിച്ചു. സീറ്റ് മോഹികളുടെ നിരാശ കാലുവാരലിലേക്ക് നീങ്ങിയെന്ന പരാതികള്‍ നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. നിശബ്ദമായ ഗ്രൂപ്പ് യുദ്ധവും തിരിച്ചടിയായി.