തലസ്ഥാനത്ത് നിന്നും 27 അംഗ സംഘവുമായി പുറപ്പെട്ട എസ് സി ലോ ഫ്ലോർ ബസാണ് യാത്രമാധ്യേ തകരാറിലായത്. ഒരു മണിക്കൂറോളം ബസ് വഴിയിൽ കിടന്നു. തകരാർ പരിഹരിച്ച ശേഷം ബസ് വീണ്ടും പുറപ്പെട്ടു.
ആലപ്പുഴ: അതീവ ജാഗ്രത തുടരുന്ന കാസർകോടിന് സഹായത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ സംഘം സഞ്ചരിച്ച ബസ് ഹരിപ്പാട് വെച്ച് തകരാറിലായി. കൊവിഡ് ആശുപത്രി സജ്ജീകരിക്കുന്നത് അടക്കമുള്ള നടപടികൾക്കായി തലസ്ഥാനത്ത് നിന്നും 27 അംഗ സംഘവുമായി പുറപ്പെട്ട എസ് സി ലോ ഫ്ലോർ ബസാണ് യാത്രമാധ്യേ തകരാറിലായത്. ഒരു മണിക്കൂറോളം ബസ് വഴിയിൽ കിടന്നു. തകരാർ പരിഹരിച്ച ശേഷം ബസ് വീണ്ടും പുറപ്പെട്ടു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും അഞ്ച് നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. സ്വമേധയായാണ് ഡോക്ടർമാർ പോകുന്നതെന്നും ഈ ടീം കഴിഞ്ഞാൽ അടുത്ത സംഘം പോകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍കോട്ടേക്ക് സേവനത്തിനായി യാത്ര തിരിച്ച ഡോക്ടര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
നിലവിൽ കാസര്‍കോട് ജനറൽ ആശുപത്രിയിലാണ് കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. കാസര്‍കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഒരുക്കുന്ന കൊവിഡ് സ്‍പെഷ്യാലിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തികൾ ദ്രുതഘതിയിൽ പുരോഗമിക്കുകയാണ്. 200ൽ അധികം കിടക്കകളും ഐസലേഷൻ വാർഡുകളും, 20 തീവ്രപരിചരണ വിഭാഗവും ആശുപത്രിയിലുണ്ടാകും. ഏഴ് കോടി രൂപയാണ് ഒന്നാം ഘട്ടത്തിൽ ആശുപത്രിക്കായി അനുവദിച്ചത്. പൊലീസാണ് മെഡിക്കൽ സംഘത്തിന് ആവശ്യമായ സഹാമൊരുക്കുന്നത്.