ആശങ്കയൊഴിഞ്ഞു; 'ബുറേവി' കേരളത്തിലെത്തുക തീവ്രതയില്ലാത്ത ന്യൂനമർദ്ദമായി

By Web Team  |  First Published Dec 4, 2020, 7:11 AM IST

ഒറ്റപ്പെട്ട കനത്ത മഴക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് സാധ്യത. അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ശക്തമായ മഴ/യുണ്ടാവുക. അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയിൽ മാറ്റമില്ല. 


തിരുവനന്തപുരം: കേരളത്തിൽ ബുറേവി ചുഴലിക്കാറ്റിന്റെ ഭീഷണിയൊഴിഞ്ഞു. അതിതീവ്ര ന്യൂനമർദം വീണ്ടും ദുർബലമായതോടെ കേരളത്തിൽ സാധാരണ മഴ മാത്രമേ ഉണ്ടാകൂ. കേരളത്തിൽ ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ട് ഇല്ല. കേരളത്തിനുള്ള എല്ലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിൻവലിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് നിലവിലുള്ള മുന്നറിയിപ്പ്. കേരളത്തില്‍ 40 കിലോമീറ്റര്‍ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. 

ഒറ്റപ്പെട്ട കനത്ത മഴക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് സാധ്യത. അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ശക്തമായ മഴ ഉണ്ടാവുക.  അതേസമയം, ബുറേവി ചുഴലിക്കാറ്റ് കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധിയിൽ മാറ്റമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അവധി. ദുരന്ത നിവാരണം, അവശ്യ സര്‍വ്വീസുകള്‍, തെരഞ്ഞെടുപ്പ് ജോലികള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.  

Latest Videos

അതിനിടെ, തിരുവനന്തപുരം വിമാനത്താവളം രാവിലെ 10 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് അടച്ചിടും. ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ മുൻകരുതലായാണ് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചത്. കേരള, എം ജി. ആരോഗ്യ സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കനത്ത മഴ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്നത്തെ പിഎസ്‍സി പരീക്ഷയും അഭിമുഖവും മാറ്റിവെച്ചു.
 

click me!