മുല്ലപ്പെരിയാർ: പുതിയ ഡാം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; കേരളത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

By Web Team  |  First Published May 28, 2024, 6:52 AM IST

മുല്ലപ്പരിയാ‍റിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. 


ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നടപടികൾക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ രംഗത്തെത്തി. കേരള – തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ കർഷകർ മാർച്ച് നടത്തി. പെരിയാർ വൈഗ ഇറിഗേഷൻ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

മുല്ലപ്പരിയാ‍റിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താൻ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു. തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് തമിഴ്നാട്ടിലെ ഒരു വിഭാഗം കർഷക സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.

Latest Videos

ഇതിന്റെ ഭാഗമായി ലോവർ ക്യാമ്പിൽ നിന്നും കേരളത്തിലേക്ക് മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എത്താൽ മുല്ലപ്പെരിയാറിന്റെ ശില്പിയായ ജോൺ പെന്നി ക്വക്കിൻ്റെ സ്മാരകത്തിന് മുമ്പിൽ പോലീസ് മാർച്ച് തടഞ്ഞു. ബേബി ഡാമിനു സമീപമുള്ള മരങ്ങൾ മുറിച്ച് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുക, തേക്കടി ആനവച്ചാൽ പാർക്കിംങ്ങ് ഗ്രൗണ്ട് വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ അണക്കെട്ടെന്ന തീരുമാനം ഉപേക്ഷിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേ സമയം കേരളത്തിന്റെ ആവശ്യത്തിൽ തമിഴ്നാട് അനുകൂല തീരുമാനം എടുക്കുമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ പ്രതീക്ഷ.
 

click me!