തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസുപത്രിയിലെ പാത്തോളി ലാബിൽ പരിശോധനക്ക് അയച്ച അവയവ സാമ്പിളുകള്‍ മോഷ്ടിച്ച സംഭവത്തിൽ ആക്രിക്കാരൻ കസ്റ്റഡിയിൽ. ഇയാള്‍ മര്‍ദനമേറ്റ നിലയിലായതിനാൽ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസുപത്രിയിലെ പാത്തോളി ലാബിൽ പരിശോധനക്ക് അയച്ച അവയവ സാമ്പിളുകള്‍ മോഷ്ടിച്ച സംഭവത്തിൽ ആക്രിക്കാരൻ കസ്റ്റഡിയിൽ. ഇതര സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ മോഷണ ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഇയാള്‍ മര്‍ദനമേറ്റ നിലയിലായതിനാൽ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവയവ സാമ്പിളുകള്‍ കാണാതായ സംഭവത്തിനുശേഷം ഇയാള്‍ക്ക് മര്‍ദനമേറ്റിരുന്നതായാണ് വിവരം. അതേസമയം, സുരക്ഷാ വീഴ്ചയിൽ ജീവനക്കാരനെതിരെ നടപടിയെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം പരിശോധനക്ക് അയച്ച ശരീരാവയവ സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. പത്തോളജി ലാബ് പരിസരത്ത് അലക്ഷ്യമായി വെച്ച 17 സാമ്പിളുകളാണ് നഷ്ടമായത്. മണിക്കൂറുകൾക്കുശേഷം അവയവ സാമ്പിളുകള്‍ തിരിച്ചു കിട്ടിയെങ്കിലും ഗുരുതര വീഴ്ചയിൽ മെഡിക്കൽ കോളേജ് അധികൃതരുടെ പ്രതികണം വന്നിട്ടില്ല. അവയവ സാമ്പിളുകളെല്ലാം സുരക്ഷിതമാണെന്ന് പത്തോളജി വിഭാഗം മേധാവി ഡോ. ലൈല രാജി പറഞ്ഞു.
കേട്ടുകേൾവിയില്ലാത്ത സംഭവമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത്. ശസ്ത്രക്രിയക്കുശേഷം പരിശോധനക്കായി ശരീര ഭാഗങ്ങളുടെ സാമ്പിളുകള്‍ പത്തോളജി ലാബിലാണ് സൂക്ഷിക്കാറുള്ളത്. ഇവിടേക്ക് ഇന്ന് രാവിലെ അയച്ച 17 സാമ്പിളുകളാണ് കാണാതായത്. ലാബിന് സമീപത്തെ കോണിപ്പണിടിയിൽ സാമ്പിളുകളടങ്ങിയ പെട്ടിവച്ച് അറ്റന്‍റര്‍ മറ്റൊരിടത്തേക്ക് മാറിയ തക്കത്തിലാണ് ആക്രിക്കാരനെത്തിയതും സാമ്പിൾ എടുത്ത് കടന്ന് കളഞ്ഞതും. സാമ്പിളുകൾ കാണാതായതോടെ പൊലീസിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രിൻസിപ്പാളിന്‍റെ മുറിക്ക് സമീപത്തെ മാലിന്യ കൂമ്പാരത്തിനകത്ത് നിന്ന് പെട്ടി വീണ്ടെടുക്കുന്നത്. പ്ലാസ്റ്റിക് കുപ്പി കണ്ടാണ് സാമ്പിളെടുത്തതെന്നും ദൂരെ മാറി പെട്ടി തുറന്ന് നോക്കിയപ്പോൾ ശരീര ഭാഗമെന്ന് തിരിച്ചറിഞ്ഞ ഉടനെ ഉപേക്ഷിച്ചെന്നുമാണ് ആക്രിക്കാരൻ പറയുന്നത്. തുടര്‍ന്ന് ആദ്യഘട്ടത്തിൽ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് മോഷണ ശ്രമത്തിന് കേസെടുത്ത് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശസ്ത്രക്രിയക്ക് ശേഷം പരിശോധനയ്ക്കായി അയച്ച സാമ്പിളുകൾ അലക്ഷ്യമായി കൈകാര്യം ചെയ്തത് ഗുരുതര വീഴ്ചയാണ്. എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിനന്് ഔദ്യോഗിക വിശദീകരണം ഇതുവരെ കിട്ടിയിട്ടില്ല.