ഇന്ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് നാളെ പുലർച്ചെ മൂന്നുമണിയോടെ കൊച്ചിയിലെത്തും
തൃശൂര്‍: റഷ്യയിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്‍റെ (36) മൃതദേഹം നാളെ നാട്ടിലെത്തിക്കും. റഷ്യയിൽ സൈനിക സേവനത്തിനിടെ യുക്രെയിനിലെ ഡോണസ്കിൽ ഷെല്ലാക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ് സന്ദീപ് ചന്ദ്രന്‍റെ മരണം ഔദ്യോഗികമായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇന്ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് നാളെ പുലർച്ചെ മൂന്നുമണിയോടെ കൊച്ചിയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.
സന്ദീപിന്‍റെ ചന്ദ്രന്‍റെ മരണത്തിൽ തൃശ്ശൂർ റൂറൽ എസ്പിയുടെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ നടത്തിയിരുന്നു. മരിച്ച സന്ദീപിന്റെ കേരളത്തിൽ നിന്നുള്ള റഷ്യൻ യാത്രയെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബം അറിഞ്ഞത്.
ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപ് റഷ്യക്ക് പോയത്. സന്ദീപ് റസ്റ്റോറന്റ് ജോലിയ്ക്കാണ് വിദേശത്തേക്ക് പോയതെന്ന് വിവരം. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്‌പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍, സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായുമുള്ള വിവരവും പുറത്തുവന്നിരുന്നു. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്. റഷ്യന്‍ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തിലായിരുന്നതിനാല്‍ നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. സന്ദീപിന്‍റെ അപ്രതീക്ഷിത മരണത്തിൽ തകർന്നിരിക്കുകയാണ് കുടുംബം. ഞെട്ടലോടെയാണ് നാട്ടുകാരും വാർത്ത കേട്ടത്. സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കര്‍, സുരേഷ്‌ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.