അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കൊച്ചി സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവും ഇല്ലാതെ വ്യവസായി ബോബി ചെമ്മണ്ണൂര്‍. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍.
കൊച്ചി: നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി കൊച്ചി സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും യാതൊരു ഭാവഭേദവും ഇല്ലാതെ വ്യവസായി ബോബി ചെമ്മണ്ണൂര്‍. കനത്ത പൊലീസ് കാവലിലാണ് ബോബി ചെമ്മണ്ണൂരിനെ സ്റ്റേഷനിലെത്തിച്ചത്. ചുറ്റും കൂടിയ മാധ്യമപ്രവര്‍ത്തകരോട് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ പ്രതികരണം. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് ജീപ്പിൽ രാത്രി ഏഴോടെയാണ് കൊച്ചിയിലെത്തിച്ചത്.
പൊലീസ് ജീപ്പിനുള്ളിലും അറസ്റ്റിൽ യാതൊരു കൂസലുമില്ലാതെ ചിരിയോടെയാണ് ബോബി ചെമ്മണ്ണൂര്‍ നിന്നത്. പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ചിരിച്ചുകൊണ്ടായിരുന്നു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മറുപടി. ചുറ്റും നിന്ന പൊലീസ് ബോബി ചെമ്മണ്ണൂരിനെ ഉടനെ തന്നെ സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അതേസമയം, അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്‍റെ മൊബൈൽ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. അൽപ്പസമയം മുമ്പ് കൊച്ചിയിലെത്തിച്ച ബോബിയുടെ അറസ്റ്റ് കൊച്ചി സെന്‍ട്രല്‍ പൊലീസാണ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോബിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കില്ലെന്ന വിവരം പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങളും പുറത്തുവന്നു. പരാതിക്കാരിയെ സമൂഹമധ്യത്തിൽ അശ്ലീല ധ്വനിയോടെ അപമാനിക്കണണമെന്ന ഉദ്ദേശത്തോടെയും കരുതലോടെയും 2024 ആഗസ്റ്റ് ഏഴിന് കണ്ണൂര്‍ ആലക്കോടുള്ള ചെമ്മണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിന്‍റെ ഷോറൂം ഉദ്ഘാടനത്തിനിടെ ലൈംഗിക ഉദ്ദേശത്തോടെ പിടിച്ചു കറക്കുകയും ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് എഫ്ഐആറിലുള്ളത്.