നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചുവെന്ന് കുടുംബം പറയുന്നു.
പാലക്കാട് : മാത്തൂരിൽ പൊളിഞ്ഞു വീഴാറായ കൂരയിൽ ഭീതിയോടെ മൂന്നംഗ കുടുംബം. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന കാഴ്ച നഷ്ടപ്പെട്ട ഗംഗാധരനും കുടുംബത്തിനുമാണ് ദുരവസ്ഥ. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചുവെന്ന് കുടുംബം പറയുന്നു. നവകേരള സദസിലുൾപ്പെടെ പരാതി നൽകിയിരുന്നുവെന്നും കുടുംബം പറയുന്നു.
രണ്ടു വർഷം മുമ്പാണ് ഗംഗാധരന്റെ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനമറ്റത്. കൂലിപ്പണി ചെയ്തായിരുന്നു
മകനുൾപ്പെടെ മൂന്നംഗ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. നെൽകൃഷിയായിരുന്നു ഏക വരുമാനം. ചികിത്സക്ക് പണം തികയാതെ വന്നതോടെ തുച്ഛമായ വിലയ്ക്ക് നിലം വിൽക്കേണ്ടിവന്നു. തൊഴിലുറപ്പ് ജോലിക്ക് പോയാണ് പിന്നീട് ഗംഗാധരന്റെ ഭാര്യ ദേവു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. നട്ടെല്ലിന് ക്ഷതമേറ്റതോടെ ആ വഴിയും അടഞ്ഞു
എങ്ങോട്ടും പോകാൻ വഴിയില്ല, ആരും സഹായിക്കാനുമില്ല, മരുന്ന് വാങ്ങാൻ പോലും പൈസയില്ലെന്ന ദുരവസ്ഥയിലാണ് കുടുംബം. പേടിയില്ലാതെ അന്തിയുറങ്ങാനുള്ള ഒരു വീടിന് വേണ്ടി വർഷങ്ങളോളം ഓഫീസുകൾ കയറി ഇറങ്ങി. പക്ഷേ ഒന്നുമുണ്ടായില്ല. ഇനിയൊരു മഴ പെയ്താൽ ഈ കൂരക്കുള്ളിലെ മൂന്ന് ജീവിതങ്ങൾ എന്തു ചെയ്യുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.