കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്താനാണ് അതിരൂപതയുടെ നിർദേശം
തിരുവനന്തപുരം : തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ ഇന്ന് കരിദിനം ആചരിക്കുന്നു. രാവിലെ കുർബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്തി. വികസനം എന്ന ഓമനപ്പേരിൽ മൽസ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം.വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നിൽ ഉപരോധ സമരവും തുടങ്ങി
തീരദേശ പ്രദേശങ്ങളിൽ നിന്ന് കരിങ്കൊടിയുമായി തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലി . ശേഷം മുല്ലൂരിൽ തുറമുഖ കവാടത്തിന് മുന്നിലെ രാപ്പകൽ ഉപരോധ സമരം അതിരൂപത സഹായ മെത്രാൻ ആർ ക്രിസ്തുദാസ് ഉത്‌ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമരസന്ദേശം നൽകും. വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികൾ വേഗത്തിൽ നടപ്പാക്കുക, അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാൻ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അതേസമയം മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഈ മാസം 22 ന് മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് അടിസ്ഥാനം ഉണ്ട്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ 17 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും രംഗത്ത് വന്നിരുന്നു. തീരമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് നേരത്തെ സംഘർഷത്തിനിടയാക്കിയിരുന്നു. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാൻ സമരക്കാരെ പൊലീസ് അനുവദിക്കുകയായിരുന്നു. സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചിട്ടുണ്ട്.