'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല', പുൽപ്പള്ളി 'ളോഹ' പരാമർശത്തിൽ മണിക്കൂറുകൾക്കകം മലക്കംമറിഞ്ഞ് ബിജെപി ജില്ലാ അധ്യക്ഷൻ

By Web Team  |  First Published Feb 19, 2024, 2:14 PM IST

ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ബി ജെ പി ജില്ലാ പ്രസിഡന്‍റിന്‍റെ പുതിയ വിശദീകരണം


പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന പരാമർശത്തിൽ മലക്കംമറിഞ്ഞ് ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് കെ പി മധു രംഗത്ത്. ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ബി ജെ പി ജില്ലാ പ്രസിഡന്‍റിന്‍റെ പുതിയ വിശദീകരണം. ളോഹയിട്ട ആളുകൾ ആണ് കലാപ ആഹ്വാനം ചെയ്തത് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും എങ്ങനെ ആണ് ഇത്തരം വാർത്ത പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും മധു വിശദീകരിച്ചു.

ളോഹയിട്ട ചിലരാണ് സംഘർഷത്തിന് ആഹ്വാനം ചെയ്തത്, ഇവർക്കെതിരെ കേസില്ല; 'പുൽപ്പള്ളി' പൊലീസ് നടപടിക്കെതിരെ ബിജെപി

Latest Videos

പുൽപ്പള്ളിയിൽ ഉണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണെന്നും ഇതിന് കാരണക്കാർ സംസ്ഥാന സർക്കാരാണെന്നും ബി ജെ പി വയനാട് ജില്ലാ പ്രസിഡന്‍റ് പറഞ്ഞു. സംഭവത്തിൽ ഒന്നാം പ്രതി സംസ്ഥാനം സർക്കാരാണെന്നും വയനാട്ടിലെത്തുന്ന മന്ത്രിതല സംഘത്തെ തടയുമെന്നും മധു വിവരിച്ചു. മന്ത്രിതല സമിതി വന്നത് കൊണ്ട് കാര്യമില്ലെന്നും അത്തരം ചർച്ചകൾക്ക് പ്രസക്തി ഇല്ലെന്നും മുഖ്യമന്ത്രിയാണ് വയനാട്ടിൽ എത്തേണ്ടതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ കൂട്ടിച്ചേർത്തു.

അതേസമയം നേരത്തെ പുൽപ്പള്ളി സംഘർഷത്തിൽ കേസ് എടുത്ത പൊലീസ് നടപടിയെ വിമർശിക്കുന്നതിനിടെയാണ് ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നാണ് ബി ജെ പി വയനാട് ജില്ലാ പ്രസിഡന്‍റ് കെ പി മധു ആരോപിച്ചത്. ളോഹയിട്ട ചിലരുടെ ആഹ്വാനത്തിനു ശേഷമാണ് പുൽപ്പള്ളിയിൽ സംഘർഷം ഉണ്ടായതെന്നും ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞിരുന്നു. പുൽപ്പള്ളി സംഘ‍ർഷത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, സംഘ‍ർഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചിരുന്നു. 

അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് നടപടി തുടരുകയാണ്. പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത പൊലീസ് ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പുൽപ്പള്ളിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ആളുകളെ തിരിച്ചറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!