മകൻ പോകുന്നിടത്തെല്ലാം അമ്മയ്ക്ക് പോകാനാവുമോയെന്നും സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കായംകുളം: പ്രതിഭ എംഎൽഎയുടെ മകൻ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ എന്നു പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പ്രതിഭയുടെ മകൻ കേസിൽ പെട്ടാൽ അമ്മയാണോ ഉത്തരവാദി. മകൻ പോകുന്നിടത്തെല്ലാം അമ്മയ്ക്ക് പോകാനാവുമോയെന്നും സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം.
നേരത്തെ, കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ചായിരുന്നു മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന. കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടുമെന്നും എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളതെന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്നും സജി ചെറിയാൻ ചോദിച്ചു.
പ്രതിഭയുടെ മകനും സുഹൃത്തുക്കളും വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പ്രതിഭയുടെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. മകൻ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തു. യു പ്രതിഭ എംഎൽഎയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നൽകേണ്ടയെന്നും സജി ചെറിയാൻ പറഞ്ഞു. യു പ്രതിഭയെ വർഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലെ മികച്ച എംഎൽഎമാരിൽ ഒരാളാണ് യു പ്രതിഭയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായംകുളത്ത് നടന്ന എസ് വാസുദേവൻ പിള്ള രക്തസാക്ഷി ദിന പരിപാടിയിൽ യു പ്രതിഭയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം.
പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ 9 പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. വാർത്ത പുറത്ത് വന്നതോടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിഭ ഫേസ്ബുക്ക് ലൈവിൽ രംഗത്തെത്തിയിരുന്നു. വ്യാജവാർത്തയെന്നും മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം. എന്നാൽ, എംഎൽഎയുടെ വാദം തള്ളുന്നതാണ് എഫ്ഐആറിലെ വിവരങ്ങൾ. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. എൻഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കനിവ് ഉൾപ്പടെ ഒൻപത് പേർക്കെതിരെ കേസെടുത്തത്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്ഐആർ ചുമത്തിയിരിക്കുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8