ളോഹയിട്ട ചിലരാണ് സംഘർഷത്തിന് ആഹ്വാനം ചെയ്തത്, ഇവർക്കെതിരെ കേസില്ല; 'പുൽപ്പള്ളി' പൊലീസ് നടപടിക്കെതിരെ ബിജെപി

By Web Team  |  First Published Feb 19, 2024, 11:51 AM IST

ഒരു വിഭാഗം ആളുകൾക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു


പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് കെ പി മധു. ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുൽപ്പള്ളിയിൽ സംഘർഷം ഉണ്ടായതെന്നും ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. പുൽപ്പള്ളി സംഘ‍ർഷത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, സംഘ‍ർഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചു. ഒരു വിഭാഗം ആളുകൾക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

ശ്രദ്ധിക്കുക! ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; കേരളത്തിൽ റിപ്പോ‍ർട്ട് ചെയ്യുന്നത് ഉയർന്ന ചൂട്

Latest Videos

അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് നടപടി തുടരുകയാണ്. പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത പൊലീസ് ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പുൽപ്പള്ളിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ആളുകളെ തിരിച്ചറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം പുൽപ്പള്ളിയിൽ നിന്നുള്ള മറ്റൊരു വാർത്ത വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന വീണ്ടും ജനവാസ മേഖലയിൽ വീണ്ടുമെത്തി എന്നതാണ്. പെരിക്കല്ലൂരിൽ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തിൽ എത്തുകയായിരുന്നു. അതേസമയം, സർവ്വ സന്നാഹങ്ങളുമായി വനംവകുപ്പ് തയ്യാറായിരിക്കുകയാണ്. വെളിച്ചം വീണ് ആനയെ കൃത്യമായി കണ്ടാൽ മാത്രമേ വനംവകുപ്പ് തുടർ നടപടികൾ സ്വീകരിക്കൂവെന്നാണ് വിവരം. ജനവാസ മേഖലയായതിനാൽ ദൗത്യം വളരെ ദുഷ്കരമായിരിക്കും.

click me!