ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് ബിജെപിക്ക് കിട്ടിയ വോട്ടുകൾ നിലനിർത്താനും സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങൾ മുതലാക്കാനുമാണ് നീക്കം.
തിരുവനന്തപുരം: മലബാറിൽ സിപിഎം പാർട്ടി ഗ്രാമങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനുള്ള കർമ്മപദ്ധതിയുമായി ബിജെപി. ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്നു് ബിജെപിക്ക് കിട്ടിയ വോട്ടുകൾ നിലനിർത്താനും സിപിഎമ്മിലെ ആഭ്യന്തരപ്രശ്നങ്ങൾ മുതലാക്കാനുമാണ് നീക്കം.ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉദുമ,തൃക്കരിപ്പൂർ, പയ്യന്നൂർ, ധർമ്മടം, തളിപ്പറമ്പ് അടക്കമുള്ള സിപിഎമ്മിൻറെ ശക്തികേന്ദ്രങ്ങളിലെ പല ബൂത്തുകളിലും ബിജെപിക്ക് കൂടിയത് നാലിരട്ടിയിലേറെ വോട്ടുകൾ. കാര്യമായ പ്രവർത്തനം ഇല്ലാതിരിന്നിട്ട് കൂടി സിപിഎം വോട്ടുകൾ താമരയിലേക്കൊഴുകിയത് വലിയ മാറ്റമായി ബിജെപി കാണുന്നു
സിപിഎം നേതൃത്വത്തോട് അണികൾക്കുള്ള അതൃപ്തിയാണ് കാരണമെന്നിരിക്കെ അത് തുടർന്നും മുതലെടുക്കാനാണ് ബിജെപി നേതൃയോഗത്തിന്‍റെ തീരുമാനം. പാർട്ടി ഗ്രാമങ്ങളിലേക്ക് മുതിർന്ന നേതാക്കളെ തന്നെ ഇറക്കി പ്രവർത്തനം ശക്തമാക്കും. ഏകോപനച്ചുമതല പികെ കൃഷ്ണദാസിനാണ്. സിപിഎമ്മിൽ അതൃപ്തരായ പ്രാദേശിക നേതാക്കൾക്ക് ബിജെപി സ്വാഗതമേകും. തോൽവിക്ക് പിന്നാലെ സിപിഎമ്മിലുണ്ടാകുന്ന പൊട്ടിത്തെറി കോൺഗ്രസ്സിന് ഗുണം ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കാനാണ് ബിജെപി നീക്കം.
സിപിഎമ്മിന്‍റെ പരമ്പരാഗത ഈഴവ വോട്ടുബാങ്കിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണത് വലിയ വിള്ളൽ . അതിലെറെയും വോട്ടുകൾ ആലപ്പുഴയിലും ആറ്റിങ്ങലുമെല്ലാം ബിജെപിക്ക് കിട്ടിയിരുന്നു. ഈഴവ വോട്ടുകൾ കൂടുതൽ ഉറപ്പിച്ചുനിർത്താനും ബിജെപി ശ്രമമുണ്ട്. വെള്ളാപ്പള്ളി നടേശനെതിരായ സിപിഎം വിമർശനങളെ തുടർന്നും ബിജെപി നേതൃത്വം ശക്തമായി പ്രതിരോധിക്കും. സിപിഎം പ്രതിസന്ധി മുതലെടുത്ത് തദ്ദേശതെരഞ്ഞെടുപ്പിലും പിന്നെ നിയമസഭ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യം