പുളിയറക്കോണത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയപ്പോൾ പത്ത് രൂപയാണ് അധികം വാങ്ങിയത്. ഇതിനെതിരെ പരാതി നൽകുകയായിരുന്നു.
തിരുവനന്തപുരം: പരമാവധി വിൽപന വിലയേക്കാൾ (എംആർപി) കൂടിയ തുകയ്ക്ക് വെളിച്ചെണ്ണ വിറ്റെന്ന പരാതിയിൽ സൂപ്പർ മാർക്കറ്റ് 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. പരമാവധി വിലയേക്കാൾ പത്ത് രൂപ കൂട്ടിയാണ് ഒരു പാക്കറ്റ് വെളിച്ചെണ്ണ വിറ്റത്. ഈ പത്ത് രൂപ തിരികെ നൽകുന്നതിന് പുറമെ 5000 രൂപ കൂടി ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
തിരുവനന്തപുരം വിളപ്പിൽശാല സ്വദേശിയായ ദിനേശ് കുമാറാണ്, പുളിയറക്കോണത്തെ സൂപ്പർ മാർക്കറ്റിനെതിരെ പരാതിയുമായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ദിനേശ് കുമാർ ഇവിടെ നിന്ന് വാങ്ങിയ ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന പരമാവധി വിൽപന വിലയേക്കാൾ പത്ത് രൂപ കൂടുതൽ ഇടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തും നഷ്ടപരിഹാരം തേടിയുമാണ് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ഇത്തരം പ്രവൃത്തികൾ അധാർമിക വ്യാപാര രീതിയാണെന്നും ഉപഭോക്താവിന് നൽകേണ്ട സേവനത്തിൽ വ്യാപാര സ്ഥാപനം വീഴ്ച വരുത്തിയെന്നും കമ്മീഷൻ നിരീക്ഷിച്ചു.
undefined
ദിനേശ് കുമാറിൽ നിന്ന് വെളിച്ചെണ്ണയ്ക്ക് അധികമായി വാങ്ങിയ 10 രൂപയും 5000 രൂപ നഷ്ടപരിഹാരവും ഉൾപ്പെടെ ആകെ 5010 രൂപ ഈ വ്യാപാര സ്ഥാപനം നൽകണമെന്നാണ് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീത ജി നായർ, വിജു വി.ആർ എന്നിവരുടെ ഉത്തരവിൽ പറയുന്നത്. ഇതിന് പുറമെ കോടതി ചെലവായി 2500 രൂപയും ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് 5000 രൂപയും നൽകണം. ഈ തുകകളെല്ലാം ഒരു മാസത്തിനകം നൽകണമെന്നാണ ഉത്തരവ്. പരാതിക്ക് ഇടയാക്കിയതു പോലുള്ള അന്യായ വ്യാപാര സമ്പ്രദായം ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം