ചതുഷ്കോണ മത്സരത്തില്‍ ചാലക്കുടി ബെന്നി ബഹനാന് ഒപ്പം; കരുത്ത് കാട്ടി ട്വന്‍റി ട്വന്‍റിയും

By Web Team  |  First Published Jun 4, 2024, 10:26 PM IST

2014 ല്‍ ഇന്നസെന്‍റിനൊപ്പം നിന്ന മണ്ഡലം പക്ഷേ. 2019 ല്‍ ഇന്നസെന്‍റിനെ കൈ വിട്ട് ബെന്നി ബഹനാന്‍റെ കൈപിടിച്ചു. 


ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രൊഫ. സി രവീന്ദ്രനാഥിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ചാലക്കുടിയില്‍ കടുത്ത മത്സര പ്രതീതി സൃഷ്ടിക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ബെന്നി ബഹനാന്‍, തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന നിരീക്ഷണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍. കേന്ദ്രത്തിലെ എന്‍ഡിഎ ഭരണത്തിനെതിരെ ഉയര്‍ന്ന ശക്തമായ തരംഗത്തിനിടെയിലും ആദ്യമായി കേരളത്തില്‍ ബിജെപി ഒരു ലോകസഭാ അക്കൌണ്ട് തുറന്നെങ്കിലും ചാലക്കുടി കോണ്‍ഗ്രസിന് ഒപ്പം നിന്നു. 

2014 ല്‍ ഇന്നസെന്‍റിനൊപ്പം നിന്ന മണ്ഡലം പക്ഷേ. 2019 ല്‍ ഇന്നസെന്‍റിനെ കൈ വിട്ട് ബെന്നി ബഹനാന്‍റെ കൈപിടിച്ചു. പക്ഷേ, വിജയം ആവര്‍ത്തിക്കാന്‍ ബെന്നി പാട് പെടുമെന്ന് കരുതിയെങ്കിലും വേട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ പോലും ബെന്നി ബഹനാന് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല. വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു ചാലക്കുടി വോട്ടെണ്ണല്‍ വേളയില്‍ കോണ്‍ഗ്രസിന് ഒപ്പം നിന്നത്. ഒടുവില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍  63,754 ന്‍റെ ഭൂരിപക്ഷത്തില്‍ ബെന്നി ബഹനാന്‍ തന്‍റെ രണ്ടാം വിജയം നേടി. 2014 ല്‍ 47.81 ശതമാനം വോട്ട് നേടി  4,73,444 വോട്ടുകളാണ് ബെന്നിക്ക് ലഭിച്ചതെങ്കില്‍ 2024 -ല്‍ 41.44 ശതമാനം വേട്ട് ഷെയറോടെ അത് 3,94,171 ആയി കുറഞ്ഞു. 

Latest Videos

'തൃശൂരുകാര് നല്‍കി, സുരേഷ് ഗോപി അങ്ങ് എടുത്തു'; കേരളത്തിലും അക്കൌണ്ട് തുറന്ന് ബിജെപി

3,27,382 വോട്ടുകളോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. സി രവീന്ദ്രനാഥ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  2019 ല്‍ ഇന്നസെന്‍റിന് ലഭിച്ചതിനേക്കാള്‍ ഏതാണ്ട് ഇരുപതിനായിരം വോട്ടിന്‍റെ കുറവാണ് സി രവീന്ദ്രനാഥിന് പോള്‍ ചെയ്തത്. 2019 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ 1,28,996 വോട്ടുകള്‍ പിടിച്ചപ്പോള്‍ 2024 ല്‍ എന്‍ഡിഎയ്ക്ക് വേണ്ടി കെ എ ഉണ്ണികൃഷ്ണന് നേടാനായത് 1,05,706 വോട്ട് മാത്രം. അതേസമയം ചാലക്കുടി മണ്ഡലം, ട്വന്‍റി ട്വന്‍റിയുടെ സാന്നിധ്യത്താല്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ചതുഷ്കോണ മത്സര പ്രതീതി ഉയര്‍ത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലവും. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി അഡ്വ. ചാര്‍ളി പോള്‍ 11.11 ശതമാനം വോട്ട് ഷെയറോടെ 1,05,020 വോട്ട് നേടി കരുത്ത് തെളിയിച്ചു. 

2008-ല്‍ രൂപീകൃതമായ ലോക്‌സഭ മണ്ഡലമാണ് ചാലക്കുടി. മണ്ഡല പുനര്‍നിര്‍ണയത്തോടെ മുകുന്ദപുരം മാറി ചാലക്കുടിയാവുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ മൂന്നും എറണാകുളം ജില്ലയിലെ നാലും നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ചാലക്കുടി ലോക്‌സഭ മണ്ഡലം. കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍. 2009-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ പി ധനപാലനാണ് ചാലക്കുടിയില്‍ വിജയിച്ചത്. 

click me!