യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ പുത്തൻകുരിശിൽ ചുമതലയേറ്റു
കൊച്ചി: യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ സ്ഥാനം ഏറ്റെടുത്തു. സഭാ ആസ്ഥാനമായ എറണാകുളം പുത്തൻ കുരിശിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കാതോലിക്കാ ബാവ ആയിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടത്തിൽ ധൂപ പ്രാർത്ഥന നടത്തിയായിരുന്നു ചടങ്ങുകളുടെ തുടക്കം. പിന്നാലെയായിരുന്നു സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ്. യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയർക്കീസ് ബാവയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകൾ അവസാനിച്ചത്.
ഇക്കഴിഞ്ഞ് 25ന് ലബനനിലെ ബെയ്റൂട്ടിൽ ആകമാന സുറിയാനി സഭയുടെ തലവനായ പാത്രീയർക്കീസ് ബാവ യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവയെ വാഴിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് ഇന്ന് സഭാസ്ഥാനത്തെ ചടങ്ങുകൾ. സഭയിലെ മെത്രാപ്പോലീത്തമാരുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. നവാഭിഷിക്തനായ കാതോലിക ബാവയെ പീഠത്തിൽ ഇരുത്തി ഉയർത്തി ഓക്സിയോസ് ചൊല്ലി. മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും അങ്ങ് യോഗ്യൻ അങ്ങയെ അംഗീകരിക്കുന്നു എന്ന് പ്രതിവാചകം ഏറ്റുചൊല്ലി. നിയമന ഉത്തരവ് പാത്രയർക്കീസ് ബാവയുടെ പ്രതിനിധി വായിച്ചു. തുടർന്ന് സ്ഥാന ചിഹ്നമായ അംശവടി കൈമാറി. കത്തീഡ്രലിലെ ചടങ്ങുകൾക്ക് ശേഷം ആയിരുന്നു അനുമോദനയോഗം. കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.