ദേവേന്ദു കൊലപാതകത്തിൽ ദുരൂഹത തുടരുന്നു. സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച്ചയാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക. അതേസമയം, 36 ലക്ഷം രൂപ കുടുംബത്തിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ ജ്യോതിഷി ദേവീദാസനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ഇയാളുടെ പക്കൽ നിന്ന് ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ദേവീദാസന്‍റെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. നിലവിൽ വനിതാ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ ഇന്നലെ എസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു.
കേരളത്തെ നടുക്കിയ ദേവേന്ദു കൊലപാതകത്തിൽ മൂന്നാം ദിവസവും ദുരൂഹത തുടരുകയാണ്. സഹോദരി ശ്രീതുവിനോടുള്ള കടുത്ത വിരോധമാണ് രണ്ട് വയസുകാരിയെ ഹരികുമാർ വധിക്കാൻ കാരണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന് വിരോധത്തിന് കാരണമായെന്നും റിമാൻഡ് റിപ്പാർട്ടിലുണ്ട്. ഇതെല്ലാമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
Also Read: വിചിത്ര വിശദീകരണവുമായി ഹരികുമാർ, ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയതിനാലെന്ന് മൊഴി
കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. റൂറൽ എസ് പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേസമയം ദേവന്ദുവിന്‍റെ കൊലപാതകത്തിന് പിന്നിൽ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്നാണ് വിലയിരുത്തലെന്ന് പൊലീസ് വ്യക്തമാക്കി. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നത്. അതേസമയം, പണം വാങ്ങിയെന്ന ആരോപണം ജ്യോത്സ്യൻ ദേവീദാസൻ നിഷേധിച്ചു. ഫോൺ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ഇയാളെ വിട്ടയച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം