ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ല. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽ പണ വിഷയവുമായി ബന്ധപ്പെട്ടതാണ്.
പാലക്കാട്: ബാഗ് വിവാദം എൽഡിഎഫിന് വോട്ട് ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബാഗ് വിഷയം ഉപേക്ഷിക്കേണ്ടതല്ലെന്നും അടഞ്ഞ അധ്യായമല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാട്. അതല്ലാത്ത ഒരു അഭിപ്രായ പ്രകടനവും പാർട്ടിയുടേതല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ കൃഷ്ണദാസിന് ഭിന്നാഭിപ്രായമാണുള്ളത്. ഇതിനോടുള്ള ചോദ്യത്തോടായിരുന്നു എംവി ഗോവിന്ദൻ്റെ പ്രതികരണം.
ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ല. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽ പണ വിഷയവുമായി ബന്ധപ്പെട്ടതാണ്. അത് ചർച്ച ചെയ്യേണ്ടതാണ്. പെട്ടി വിഷയം അടഞ്ഞ അധ്യായമേ അല്ല. അത് മണ്ഡലത്തിലെ പ്രധാന വിഷയമാണ്. ചർച്ച ചെയ്യണം. അതുൾപ്പെടെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണം. പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ല. ഒറ്റ അഭിപ്രായമേ ഉള്ളൂ. ഞാൻ ഈ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബാഗ് വിവാദത്തിൽ കൃഷ്ണദാസിനെ തിരുത്തുകയും ചെയ്തു പാർട്ടി സെക്രട്ടറി.
undefined
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഎമ്മിൻ്റെ പരാതിയിൽ കേസെടുത്തില്ലെന്ന് പാലക്കാട് എസ്‌പി ആനന്ദ് പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് എസ്‌പി വ്യക്തമാക്കി. എന്നാൽ താൻ നൽകിയ പരാതിയിൽ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു നിലപാടെടുത്തു.
പാലക്കാട് ഹോട്ടൽ കേന്ദ്രീകരിച്ച കള്ളപ്പണ പരിശോധന, സംഘർഷം സംബന്ധിച്ച് കളക്ടർ കൈമാറിയ പരാതിയും, സിപിഎം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുമെല്ലാം ഒരുമിച്ചാണ് പരിശോധിക്കുന്നതെന്നും എസ്‌പി പറഞ്ഞു. ഹോട്ടലിലെ സംഘർഷത്തിന് എടുത്ത കേസിൻ്റെ ഭാഗമായി തൻ്റെ പരാതി അന്വേഷിച്ചാൽ മതിയെന്നും താൻ മൊഴി നൽകുമെന്നും ഇഎൻ സുരേഷ് ബാബു വ്യക്തമാക്കി. പൊലീസിൻ്റെ പരിശോധനയിൽ അമാന്തം ഉണ്ടെന്ന് കരുതുന്നില്ലെന്നും സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തിലാണ് സുരേഷ് ബാബുവിൻ്റെ നിലപാട് മാറ്റം.
https://www.youtube.com/watch?v=Ko18SgceYX8