ബി.അശോകിനെ മാറ്റി, രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ

By Web Team  |  First Published Jul 14, 2022, 12:46 PM IST

കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റം വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. 
 



തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനെ മാറ്റി (B.Ashok IAS). ഡോ.ബി.അശോകിനെയാണ് മാറ്റിയത്. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡേ (Rajan Khobragade IAS) പുതിയ കെഎസ്ഇബി ചെയര്‍മാനാവും. ബി.അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചിട്ടുള്ളത്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനുകളുമായി ഉടക്കിയ അശോകിനെ മാറ്റം വലിയ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടായിരുന്നു. 

കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാൻ ഇരിക്കെയാണ് അശോകിന് മാറ്റുന്നത്. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നപ്പോൾ മറുവശത്ത് ഐഎഎസ് അസോസിയേഷൻ അദ്ദേഹത്തിന് പിന്തുണ രേഖപ്പെടുത്തിയിരുന്നു. മുൻ മന്ത്രി എംഎം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഇതുവരെ സ‍ര്‍ക്കാര്‍ സംരക്ഷിച്ചിരുന്നു. 

Latest Videos

ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യവകുപ്പിൻ്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജൻ കോബ്രഗഡ. മൂന്നാഴ്ച മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്. ഈ സ്ഥലംമാറ്റത്തിൽ അദ്ദേഹം അതൃപ്തനാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു.  

കെഎസ്ഇബിയില്‍ യൂണിയന്‍ രാജെന്ന് ബി.അശോക്

തിരുവനന്തപുരം; കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കൃഷിവകുപ്പിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനം വന്ന ശേഷം ഡോ.ബി.അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് മനസ്സു തുറന്നു.സ്ഥാനമാറ്റത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല, കാരണം അത് സര്‍ക്കാര്‍ തീരുമാനമാണ്. എന്നും ഒരേ സ്ഥാനത്ത് തുടരാനാകില്ല. കെഎസ്ഇബി ചെയര്‍മാനായി ഇരുന്ന ഒരു വര്‍ഷത്തില്‍ ഏറെ  മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു.

കെ എസ് ഇ ബിയിലുണ്ടാക്കിയ  മാറ്റങ്ങളിൽ മുഖ്യമന്ത്രിയോ മന്ത്രിയോ പ്രതികൂലമായി ഒന്നും പറഞ്ഞില്ല.ചെയർമാൻ എടുത്ത തീരുമാനം മാറ്റണമെന്ന് മുഖ്യമന്ത്രിയോ മന്ത്രിയോ ആവശ്യപ്പെട്ടിട്ടില്ല.KSEBയിൽ യൂണിയൻ രാജാണ്. പക്ഷെ നടപ്പാക്കുമെന്ന് തീരുമാനിച്ച കാര്യങ്ങളെല്ലാം നടപ്പാക്കി.യൂണിയൻ നേതാക്കൾ അനാവശ്യമായി പറഞ്ഞ ഒരു കാര്യങ്ങളും അംഗീകരിച്ചില്ല.തനിക്കെതിരായി കെഎസ്ഇബിയിൽ നടന്ന സമരങ്ങൾ പുറത്ത് നടക്കുന്ന എല്ലാ സമരവും പോലെ തന്നെ ഉണ്ടായിരുന്നുള്ളുവെന്നും ബി അശോക് പറഞ്ഞു

click me!