കോഴിക്കോട് കോർപ്പറേഷന്‍റെ മലിനജല സംസ്കരണ പദ്ധതിയിൽ വന്‍ ക്രമക്കേട്; കൺസൾട്ടൻസി കരാറില്‍ കളളക്കണക്ക്

By Sreedharan K  |  First Published Aug 13, 2022, 7:38 AM IST

റാം ബയോളജിക്കൽസിനേക്കാൾ 25,27,452 രൂപ കുറച്ച് എസ്റ്റിമേറ്റ് വയ്ക്കാമെന്ന് പറഞ്ഞ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കിയത് എന്തിനെന്ന് വ്യക്തമല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്.


കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ആവിക്കല്‍തോടിലും കോതിയിലും മലിനജല സംസ്കരണ പദ്ധതി നി‍ർമ്മിക്കാനൊരുങ്ങുന്ന റാംബയോളജിക്കൽസ് എന്ന കൺസൾട്ടൻസിയെ തെരഞ്ഞെടുത്തത് നിയമവിരുദ്ധമെന്നാണ് ഓഡിറ്റിംഗിലെ കണ്ടെത്തൽ. റാം ബയോളജിക്കൽസിനേക്കാൾ കാൽക്കോടി രൂപ കുറച്ചുകാണിച്ച മറ്റൊരു കമ്പനിയെ ഒഴിവാക്കിയതിൽ ക്രമക്കേടുണ്ടെന്നും ഓഡിറ്റിംഗിൽ കണ്ടെത്തി. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

അമൃത് പദ്ധതി പ്രകാരം കോഴിക്കോട് കോതിയിലും ആവിക്കൽത്തോട്ടിലും കോർപ്പറേഷൻ സ്ഥാപിക്കാനൊരുങ്ങുന്ന മലിന ജലസംസ്കരണ പ്ലാന്‍റിനെതിരെ ശക്തമായ ജനകീയ സമരം നടക്കുമ്പോഴാണ് കൺസൾട്ടൻസി കരാറിലെ കളളക്കണക്കുകൾ പുറത്തുവരുന്നത്. പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലേക്ക് കടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്ലാന്‍റ് മാതൃകയാക്കിയായിരുന്നു കോർപ്പറേഷൻ അധികൃതർ ആവിക്കലിലെ ജനരോഷത്തെ നേരിട്ടിരുന്നത്.

Latest Videos

എന്നാൽ ഇതേ പ്ലാന്‍റിന്‍റെ പദ്ധതി രേഖ, കൺസൾട്ടൻസി കരാർ , ടെഡർനടപടികൾ എന്നിവയിൽ അടിമുടി ക്രമക്കേട് നടന്നെന്ന് 2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നു. നിർമ്മാണ ചുമതലേൽപ്പിച്ചത് റാം ബയോളജിക്കൾസ് എന്ന കമ്പനിക്കാണ്. യാതൊരു യോഗ്യതയുമില്ലാത്ത കമ്പനിയാണെന്ന് ആമുഖമായി പറയുന്ന റിപ്പോർട്ടിൽ , ഇവരെ തെരഞ്ഞെടുത്തത് ആശാസ്ത്രീയമെന്ന കണ്ടെത്തലുമുണ്ട്. കണ്‍സള്‍ട്ടന്‍സിയെ ഇ - ടെണ്ടറോ ഓപ്പണ്‍ടെണ്ടറോ ആയി തെരഞ്ഞെടുക്കേണ്ടതിന് പകരം ശുചിത്വമിഷന്‍ എംപാനല്‍ പട്ടികയില്‍നിന്ന് തെരഞ്ഞെടുത്തത് നിയമവിരുദ്ധമാണ്. 

Read More : ലിംഗ സമത്വ യൂണിഫോം; പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണവുമായി സമസ്ത, ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്ളാസ്

ഏഴ് പ്ലാന്റുകള്‍ സ്ഥാപിച്ചെന്ന് ഈ കമ്പനി അവകാശപ്പെടുമ്പോൾ, മുന്‍ പരിചയമുള്ളതിന്റെ രേഖകളൊന്നും റാം ബയോളജിക്കല്‍സിന് ഹാജരാക്കാനായിട്ടില്ലെന്നും ഓഡിറ്റിംഗിൽ കണ്ടെത്തി. കൺസൾട്ടൻസി കമ്പനിയുടെ ക്വട്ടേഷന്‍അംഗീകരിക്കുന്നതിന് മുമ്പ് തന്നെ റാം ബയോളജിക്കല്‍സ് ഡീറ്റയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമർപ്പിച്ചതും വിചിത്രമാണ്. പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍മാത്രമേ കരാർ കമ്പനിക്ക് അവസാന ഗഡുവായ 10 ശതമാനം തുക നൽകാറുളളൂ. 

എന്നാല്‍ ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമായി റാം ബയോളജിക്കല്‍സിന് തുക കൈമാറി. മെഡിക്കല്‍ കോളജില്‍ പ്രവൃത്തി സ്ഥലം കൈമാറിയതിന്റെ രേഖകളും ഇല്ല. റാം ബയോളജിക്കൽസിനേക്കാൾ 25,27,452 രൂപ കുറച്ച് എസ്റ്റിമേറ്റ് വയ്ക്കാമെന്ന് പറഞ്ഞ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കിയത് എന്തിനെന്ന് വ്യക്തമല്ലെന്നും ഓഡിറ്റ് റിപ്പോട്ടിലുണ്ട്.

click me!