വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി ആനന്ദ് മറ്റൊരു വാഹനത്തിന്റെ പിന്നിൽ യാത്ര ചെയ്തപ്പോഴുണ്ടായ അപകടമാണെന്ന് വരുത്തി തീർത്താണ് 21 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ ശ്രമിച്ചത്.
തിരുവനന്തപുരം: വാഹന അപകടക്കേസിലെ (Accident Case) പ്രതിയെ പരാതിക്കാരനാക്കി വ്യാജ കേസുണ്ടാക്കിയും ഇൻഷുറൻസ് (Insurance) തുക തട്ടാൻ ശ്രമം. പ്രായപൂർത്തിയാകാതെ വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി വി ബി ആനന്ദിൻറെ പേരിലാണ് തട്ടിപ്പ്. ഇതേ കേസിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദ്, മറ്റൊരു വാഹനത്തിന്റെ പിന്നിൽ യാത്ര ചെയ്തപ്പോഴുണ്ടായ അപകടമാണെന്ന് വരുത്തി തീർത്താണ് 21 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ ശ്രമിച്ചത്.
2018 ന് പുതുവത്സര ദിവസം അതിരാവിലെ സുഹൃത്തുക്കളായ ആനന്ദും അഭിജിത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് എകെജി സെൻറിന് മുന്നിലെ ട്രാഫിക്ക് ലൈറ്റിലിടിച്ച് അപകടമുണ്ടായത്. രണ്ടു പേർക്കും ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ചി ആനന്ദിന് പ്രായപൂർത്തിയായിരുന്നില്ല. പിൻസീറ്റിലെ യാത്രക്കാരനായിരുന്ന അഭിജിത്ത് മരിച്ചു. അപകടമുണ്ടാകുമ്പോള്‍ ആനന്ദ് ഓടിച്ചിരുന്നത് KL-22-F-5177 എന്ന ബൈക്കാണ്. അഭിജിത്ത് മരിച്ച കേസിലെ ഒന്നാം പ്രതിയാണ് ആനന്ദ്.
undefined
സിറ്റി ട്രാഫിക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതേ ട്രാഫിക്ക് പൊലീസ് ഒരു മാസത്തിനു ശേഷം മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു. ആനന്ദിന് വാഹന അപകടത്തിൽ പരിക്കേറ്റെന്നാണ് കേസ്. ചാടിയറ സ്വദേശി ദീപു എന്നയാളിൻെറ ബൈക്കിന് പിന്നിൽ ആനന്ദ് സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് കേസ്. സുദർശൻ എന്നയാള്‍ ഓടിച്ച ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ടൈറ്റാനിയത്തിന് സമീപം വെച്ച് അപകടമുണ്ടായെന്നാണ് എഫ്ഐആർ. ഈ കേസിനുവേണ്ടി വ്യാജ രേഖകളുണ്ടാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.
ആനന്ദ് യാത്ര ചെയ്തതായി പറയുന്ന വാഹനത്തിൻെറ ഉടമ ദീപു അപകട സമയം ടൈറ്റാനിയത്തിൻെറ ഭാഗത്തേക്ക് പോയിട്ടില്ല. പ്രതിയായ ആൾ ഒരുമാസത്തിന് ശേഷം മറ്റൊരുകേസിൽ വാദിയായതോടെ ആദ്യം സംശയം തോന്നിയത് ഇൻഷുറൻസ് കമ്പനിക്കാണ്. കമ്പനിയുടെ നിർദ്ദേശ പ്രകാരം ക്രൈം ബ്രാഞ്ച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം കേസിന് പന്നിലെ തട്ടിപ്പ് പുറത്തുവരുന്നത്. വ്യാജ അപകട കേസിൽ വാഹനം ഹാജരാക്കാനായി ദീപുവിന് 5000 രൂപ അഭിഭാഷകൻ നൽകിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
സുദർശൻ എന്നയാളിന്റെ പേരിലുള്ള പള്‍സർ ബൈക്കും വ്യാജ കേസുണ്ടാക്കാൻ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. അതായത് യഥാർത്ഥ കേസിൽ പ്രതിയായ ആനന്ദിനെ വ്യാജ കേസിൽ വാദിയാക്കി, ആദ്യകേസ് അട്ടിമറിക്കാനും ഒപ്പം പ്രതിക്കും വ്യാജകേസിലൂടെ ഇൻഷുറൻസ് തുക കിട്ടാനുമുള്ള നാടകം, അതിനായി അഭിഭാഷകരും ഇടനിലക്കാരും ചേർന്ന് തയ്യാറാക്കിയ തിരക്കഥയാണ് രണ്ടാം കേസ്. ഈ വ്യാജകേസിൽ ആനന്ദിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തുത്. ഒപ്പം മറ്റ് അഞ്ചുപേരും പ്രതികളായി.