ഇതുവരെ എടുത്തിട്ടുള്ള എല്ലാ വായ്പകൾക്കും ഒരു വര്‍ഷം മോറട്ടോറിയം നടപ്പാക്കണം. വ്യക്തിഗത വായ്പകളും സ്വര്‍ണ പണയവും വരെ ഇതില്‍ ഉൾപ്പെടുത്തണം.
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ വായ്പ്കൾക്ക് മോറട്ടോറിയം നടപ്പാക്കണമെന്ന് ബാങ്കിംഗ് വിദഗ്ധൻ ആദി കേശവൻ. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശപ്രകാരം ഒരു പ്രകൃതി ദുരന്തം ഉണ്ടായി കഴിഞ്ഞാല്‍ ആ പ്രദേശത്തെ വായ്പകളെല്ലാം തന്നെ പുനക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. ജില്ലാ തലത്തില്‍ ആണെങ്കില്‍ തന്നെ ഡിസ്ട്രിക്ട് കണ്‍സൾട്ടേറ്റീവ് കമ്മിറ്റിക്ക് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ എൻനാട് വയനാട് ലൈവത്തോണില്‍ സംസാരിക്കുകയായിരുന്നു ആദി കേശവൻ. എസ്എൽബിസി കൂടി കൂട്ടായ തീരുമാനം എടുക്കുന്നത് കുറച്ച് കൂടി നല്ലതാണ്. ഇതുവരെ എടുത്തിട്ടുള്ള എല്ലാ വായ്പകൾക്കും ഒരു വര്‍ഷം മോറട്ടോറിയം നടപ്പാക്കണം. വ്യക്തിഗത വായ്പകളും സ്വര്‍ണ പണയവും വരെ ഇതില്‍ ഉൾപ്പെടുത്തണം.
അങ്ങനെ ഒരു പ്രമേയം പാസാക്കിയാല്‍ എല്ലാ ബാങ്കുകളും അത് അംഗീകരിക്കും. ഡിസിസി ഒരു പ്രമേയം പാസാക്കിയാല്‍ ഇപ്പോള്‍ തന്നെ മോറട്ടോറിയം പ്രഖ്യാപിക്കാൻ കഴിയും. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം സുപ്രധാന സാഹചര്യങ്ങളില്‍ സോണല്‍ മാനേജര്‍മാര്‍ക്ക് അടക്കം തീരുമാനം എടുക്കാൻ കഴിയുമെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ആദി കേശവൻ ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം