മാനവീയം വീഥിയില്‍ പുലികളിറങ്ങി! ഏഷ്യാനെറ്റ് ന്യൂസ് - മൈത്രി ഓണാഘോഷത്തിന് പ്രൗഢഗംഭീരമായ തുടക്കം, 10 നാൾ ആഘോഷം

By Web TeamFirst Published Sep 13, 2024, 6:36 PM IST
Highlights

തൃശ്ശൂരിന്‍റെ സ്വന്തം പുലിക്കളിയെ തിരുവനന്തപുരത്ത് എത്തിച്ചതോടെ മാനവീയം വീഥിയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. 

തിരുവനന്തപുരം: ഇത്തവണത്തെ ഓണം കളറാക്കാനുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ പത്തുദിന പരിപാടിക്ക് തലസ്ഥാനത്ത് പ്രൗഢ​ഗംഭീരമായ തുടക്കം. ഏഷ്യാനെറ്റ് ന്യൂസും മൈത്രി അഡ്വർടൈസിംഗ് വർക്സും ചേർന്ന് ഒരുക്കുന്ന ഓണാഘോഷത്തിന് മാനവീയം വീഥിയിൽ നിന്ന് പുലിക്കളിയോടെയാണ് തുടക്കമായത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് ഊരാളി ബാൻഡിന്റെ സംഗീത വിരുന്ന് ഉൾപ്പെ‌‌ടെ സംഘ‌ടിപ്പിച്ചിട്ടുണ്ട്. 

തിരുവോണത്തെ വരവേൽക്കാനായി തിരുവനന്തപുരം നഗരം ദീപാലംകൃതമായിക്കഴിഞ്ഞു. കലാകാരൻമാര്‍ അണിനിരക്കുന്ന ആഘോഷക്കാഴ്ചകളിലേക്ക് നിശാഗന്ധി ഉണരുകയാണ്. തൃശ്ശൂരിന്‍റെ സ്വന്തം പുലിക്കളി തിരുവനന്തപുരത്ത് എത്തിച്ചാണ് ആഘോഷക്കാഴ്ച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. പുലികളെ നേരിട്ട് കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനുമായി നിരവധിയാളുകളാണ് മാനവീയം വീഥിയുടെ പരിസരത്തും കനകക്കുന്നിലേയ്ക്കുള്ള റോഡിന് ഇരുവശവുമായി തടിച്ചുകൂടിയത്. 

Latest Videos

പത്ത് ദിവസവും പ്രത്യേക സ്റ്റേജിൽ വിവിധ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആഘോഷങ്ങളുണ്ടാകും. മുൻനിര താരങ്ങളും ഗായക സംഘവും അണിനിരക്കും. നാളെ (14/9/2024) മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര മുഖ്യാതിഥിയായി എത്തും. ഞായറാഴ്ച പ്രശസ്ത ​ഗായകൻ എം.ജി ശ്രീകുമാര്‍ നയിക്കുന്ന ചിങ്ങനിലാവ് എന്ന പരിപാടി അരങ്ങേറും. കൂടാതെ വരും ദിവസങ്ങളിൽ ​ജനപ്രിയ ​ഗായകൻ ഷെഹബാസ് അമാന്‍ ഉള്‍പ്പെടെയുള്ളവരുടെ സം​ഗീത പരിപാടികളും കാളിദാസ കലാകേന്ദ്രത്തിന്റെ നാടകവും നിശാഗന്ധിയില്‍ അരങ്ങേറുന്നുണ്ട്.

കനകക്കുന്നിലെ വിവിധ സ്ഥലങ്ങളിൽ ഇരുപതിലേറെ നാടൻ കലാവിരുന്നുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പെറ്റ് ഷോ, മാജിക് ഷോ, മിമിക്രി മൈം തു‌ടങ്ങിയ പരിപാടികളും അരങ്ങേറും. ഓണം കളറാക്കാനായി വിവിധ സ്റ്റാളുകൾ ഇതിനോടകം തന്നെ സജ്ജമായിട്ടുണ്ട്. വിപുലമായ പ്രദര്‍ശന വിപണന മേളയാണ് ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നത്.  വൈകിട്ട് 4.30 മുതലാണ് പരിപാടികള്‍ ആരംഭിക്കുക. 

READ MORE: 10 കോടി മുടക്കിയാൽ ആറോ ഏഴോ കോടി അഭിനേതാക്കൾക്ക്, താരങ്ങൾക്ക് തിരിച്ചറിവുണ്ടാകണം: ബി ഉണ്ണികൃഷ്ണൻ

click me!