ഏഷ്യാനെറ്റ് ന്യൂസിന് 30-ൻ്റെ ചെറുപ്പം: ലോഗോ പ്രകാശനം ചെയ്ത് മന്ത്രി റിയാസ്; ഒരു വ‍ർഷം നീളുന്ന ആഘോഷം

By Web Team  |  First Published Sep 19, 2024, 8:14 PM IST

തിരുവനന്തപുരം കനക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഏഷ്യാനെറ്റ് ന്യൂസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓണക്കൂട്ടായ്മയിലായിരുന്നു ഇന്നത്തെ ചടങ്ങ്


തിരുവനന്തപുരം :  മലയാള ദൃശ്യമാധ്യമ രംഗത്ത് ചരിത്രം കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് മുപ്പതാം വർഷത്തിലേക്ക്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് മുപ്പതാം വാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസ്  സംഘടിപ്പിക്കുന്നത്. ആഘോഷങ്ങൾക്ക് തുടക്കമിട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രത്യേക ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരം കനക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഏഷ്യാനെറ്റ് ന്യൂസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓണക്കൂട്ടായ്മയിലായിരുന്നു ഇന്നത്തെ ചടങ്ങ്. 

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസ് 30 ൻ്റെ ചെറുപ്പത്തിലേക്കാണ് കടക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാ‍ർ പറഞ്ഞു. പ്രേക്ഷകർക്കൊപ്പം ജനങ്ങൾക്കൊപ്പം ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനമാണ് ഒരു വർഷം നീളുന്ന ആഘോഷത്തിലൂടെ അർത്ഥമാക്കുന്നത്. അതിൽ പല പരിപാടികളും ഉണ്ടാകും. ഇതിൻ്റെ ഭാഗമായാണ് ലോഗോ തയ്യാറാക്കിയത്. എക്കാലവും ഏഷ്യാനെറ്റ് ന്യൂസിനോട് ഒപ്പം നിന്ന പ്രേക്ഷകർ വിമർശിച്ചും പിന്തുണച്ചും ഇനിയും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും സിന്ധു സൂര്യകുമാർ പറഞ്ഞു.

ജനങ്ങൾക്ക് മുൻപാകെ സത്യങ്ങൾ അറിയിക്കുകയെന്ന ഉത്തരവാദിത്തതോടെയാണ് പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നതാണ് കേരളത്തിലെ ജനങ്ങളെന്ന് മന്ത്രി റിയാസ് പ്രസംഗത്തിൽ പറഞ്ഞു. സ‍ർക്കാരിനെ വിമർശിച്ചുകൊണ്ട് ക്രിയാത്മക നി‍ർദ്ദേശം നൽകാനുള്ള ഉത്തരവാദിത്തവും അതിനിശിതമായി വിമ‍ർശിച്ച് സർ‍ക്കാരിനെ തിരുത്താനുള്ള ഉത്തരവാദിത്തവും ഏറ്റവും നന്നായി നടക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിലെ സ‍ർക്കാരിനെ വിമർശിക്കുന്നത് പോലെ വിമർശിക്കാൻ കഴിയാറില്ല. മാധ്യമപ്രവർത്തകർ കേരളത്തിൽ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാൽ മാധ്യമങ്ങളെ വിമ‍ർശിക്കാനുള്ള അവകാശം സർക്കാരിനും പൗരനുമുണ്ട്. താനീ പരിപാടിയിൽ പങ്കെടുത്തത് തനിക്കെതിരായതോ സർക്കാരിനെതിരായതോ ആയ വിമർശനങ്ങളിൽ അയവ് കിട്ടുമെന്ന് കരുതിയിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. 

മുപ്പത് വർഷത്തെ മാധ്യമപ്രവ‍ർത്തനം അർത്ഥവത്തായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനുള്ള ജനപിന്തുണ തെളിയിക്കുന്നുണ്ടെന്ന് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഡിറ്റർ വിനു വി ജോൺ പറഞ്ഞു. മലയാളികളുള്ളിടത്തെല്ലാം ഏഷ്യാനെറ്റ് ന്യൂസ് ഉള്ളത് ജനപിന്തുണ ലഭിക്കുന്നത് കൊണ്ടാണെന്നും വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിട്ട് നേരോടെ നിർഭയം നിരന്തരം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

click me!