
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി. സിപിഎം ജനറല്‍ സെക്രട്ടറിക്ക് അയച്ച തുറന്ന കത്തിലാണ് സമരം അവസാനിപ്പിക്കാന്‍ സത്വര നടപടിയെടുക്കാനുള്ള അഭ്യര്‍ത്ഥന. അതേസമയം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. മറ്റ് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചനയില്ലാതെയാണ് ആശമാര്‍ സമരത്തിന് ഇറങ്ങിയതെന്നാണ് എംഎ ബേബിയുടെ മറുപടി.
രാപ്പകല്‍ സമരം 58 ദിവസം പിന്നിടുമ്പോള്‍ ഇനി ഒന്നും ചെയ്യാനില്ലെന്നാണ് തൊഴില്‍മന്ത്രി പറയുന്നത്. രണ്ടു മന്ത്രിമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. പരമാവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇനി എന്തുവേണമെന്ന് സമരക്കാര്‍ തീരുമാനിക്കട്ടേയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെയാണ് സമരം തീര്‍ക്കാന്‍ മുന്‍കൈയെടുക്കണം എന്നാവശ്യപ്പെട്ട് ആശാ സമര സമിതി എംഎ ബേബിക്ക് തുറന്ന കത്ത് എഴുതിയത്. ഡിമാൻ്റുകളോട് അനുഭാവപൂർവ്വമായ സമീപനം സർക്കാർ സ്വീകരിച്ചാൽ വിട്ടുവീഴ്ചക്ക് തയ്യാറാണ്. സമരം നീട്ടിക്കൊണ്ടു പോകണമെന്ന കടുംപിടുത്തം ഇല്ല. സമരത്തോട് സർക്കാരും സിപിഎമ്മും പുലർത്തുന്ന സമീപനം പുനഃപരിശോധിക്കണം. സ്ത്രീ തൊഴിലാളികളുടെ അന്തസ്സും അവകാശ ബോധവും ഉയർത്തിയ സമരത്തെ ഉൾക്കൊള്ളുന്നതിൽ സങ്കുചിതമായ രാഷ്ട്രീയ പരിഗണനകൾ തടസ്സമായിക്കൂടായെന്നും കത്തില്‍ പറയുന്നു. ശനിയാഴ്ച സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരെ സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസാഗരം ഒരുക്കലാണ് സമരസമിതിയുടെ അടുത്ത പരിപാടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam